
ദില്ലി: ട്രെയിൻ യാത്രാ നിരക്ക് വർധനയിൽ പിന്നോട്ടില്ലെന്ന സൂചനയുമായി കേന്ദ്രം. വളരെ തുച്ഛമായ വർധനയ്ക്കാണ് ശുപാർശ ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിലോമീറ്ററിന് ഒരു പൈസ മാത്രം കൂട്ടാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന എം കെ സ്റ്റാലിൻ സാഹചര്യം മനസിലാക്കണമെന്ന് സോമണ്ണ ചെന്നൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രെയിൻ യാത്ര നിരക്ക് കൂട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു ശേഷം കേന്ദ്ര സർക്കാരിൽ നിന്നുള്ള ആദ്യ പ്രതികരണം ആണിത്.
എസി, നോൺ-എസി മെയിൽ, എക്സ്പ്രസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കുകളിൽ ജൂലൈ 1 മുതൽ വർധനയുണ്ടാകും. പുതിയ യാത്രാ നിരക്ക് യാത്രക്കാർക്ക് അമിതഭാരമാവില്ലെന്നാണ് റെയിൽവെ അവകാശപ്പെടുന്നത്. സബർബൻ യാത്രാ നിരക്കുകളിലോ പ്രതിമാസ സീസൺ ടിക്കറ്റ് (എംഎസ്ടി) വിലകളിലോ വർധനവ് നടപ്പിലാക്കാൻ സാധ്യതയില്ലെന്നാണ് വിവരം. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് സാധാരണ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് നിരക്ക് വർധനവ് ഉണ്ടാകില്ല. എന്നാൽ, സെക്കൻഡ് ക്ലാസ് യാത്രയിൽ 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും.