അടല്‍ ടണലിന് സോണിയ ഗാന്ധി തറക്കല്ലിട്ടതിന്‍റെ ഫലകം എവിടെ?; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

By Web TeamFirst Published Oct 13, 2020, 11:46 AM IST
Highlights

ജൂണ്‍ 2010നാണ് അന്നത്തെ യുപിഎ ചെയര്‍ പേഴ്സണായിരുന്ന സോണിയ ഗാന്ധി റോഹ്തംങ്ങിലെ തുരങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്തത്. 

ഷിംല: റോഹ്തംങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടല്‍ ടണലിന് യുപിഎ കാലത്ത് ഇട്ട തറക്കല്ല് നീക്കം ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. തറക്കല്ല് ഇടല്‍ ചടങ്ങിന്‍റെ ഫലകം വീണ്ടും സ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്നാണ് കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് കമ്മിറ്റി അറിയിക്കുന്നത്.

ജൂണ്‍ 2010നാണ് അന്നത്തെ യുപിഎ ചെയര്‍ പേഴ്സണായിരുന്ന സോണിയ ഗാന്ധി റോഹ്തംങ്ങിലെ തുരങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്തത്. ഇതിന്‍റെ പേരില്‍ ഒരു ഫലകം ടണലിന്‍റെ മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടല്‍ ടണല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സമയത്ത് ഇത് നീക്കം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

കോണ്‍ഗ്രസ് ഹിമചല്‍ പ്രദേശ് അദ്ധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡ് ശക്തമായ പ്രതിഷേധമാണ് സംഭവത്തില്‍ അറിയിച്ചത്. 15 ദിവസത്തിനുള്ളില്‍ ഫലകം വീണ്ടും തുരങ്കത്തിന് മുന്നില്‍ സ്ഥാപിച്ചില്ലെങ്കില്‍ ഹിമാചല്‍ സര്‍ക്കാര്‍ വലിയ പ്രക്ഷോഭം തന്നെ നേരിടേണ്ടിവരും എന്ന് കോണ്‍ഗ്രസ് ഹിമചല്‍ പ്രദേശ് അദ്ധ്യക്ഷന്‍ വ്യക്തമാക്കി. 2010 ജൂണ്‍ 28ന് സോണിയ ഗാന്ധി തുരങ്കത്തിന്‍റെ ജോലികള്‍ക്ക് തുടക്കമിടുമ്പോള്‍ അന്നത്തെ ഹിമാചല്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ദുമല്‍ അടക്കം സന്നിഹിതരായിരുന്നു - ഇദ്ദേഹം പറയുന്നു.

ആ ചടങ്ങില്‍ സ്ഥാപിച്ച ഫലകം കാണുവാനില്ല എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പൊലീസിനും സര്‍ക്കാറിനും ഇതില്‍ ഉത്തരവാദിത്വമുണ്ട്. അത് ഉടന്‍ കണ്ടെത്തി പൂര്‍വ്വ സ്ഥിതിയിലാക്കണം.  സംഭവത്തില്‍ വിവിധ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും, പലതിലും എഫ്ഐആര്‍ ഇട്ടിട്ടും നടപടിയൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

click me!