വൈറ്റ് കോളർ ഭീകരവാദമോ...? വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായത് നാല് ഡോക്ടർമാർ, പിന്നാലെ ദില്ലി സ്ഫോടനം

Published : Nov 11, 2025, 11:00 AM IST
Terrorits doctors

Synopsis

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെയാണ് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.

ദില്ലി: രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയിൽ നടന്ന സ്ഫോടനം ചോദ്യമുയർത്തുന്നു. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെയാണ് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമ​ഗ്രികളുമായി ​ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു. 

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായി. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി ബന്ധമില്ലാത്ത മൂന്ന് അറസ്റ്റുകൾ നടന്നത്. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ തിരക്കേറിയ ചെങ്കോട്ട പ്രദേശത്ത് സ്ഫോടനവും നടന്നു. ലാൽ ഖില മെട്രോ സ്റ്റേഷന്റെ ഗേറ്റ് 1 ലെ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലേക്ക് ഹരിയാന നമ്പർ പ്ലേറ്റുകളുള്ള ഹ്യുണ്ടായ് ഐ20 കാർ - HR26 CE 7674 - പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ഞായറാഴ്ച സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിനടുത്തുള്ള അദലാജ് പട്ടണത്തിൽ നിന്ന് ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിനെ അറസ്റ്റ് ചെയ്തു. സയ്യിദിന്റെ കൈവശം മൂന്ന് കൈത്തോക്കുകൾ, രണ്ട് ഓസ്ട്രിയൻ നിർമ്മിത ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ഇറ്റാലിയൻ നിർമ്മിത ബെറെറ്റ എന്നിവയും വെടിക്കോപ്പുകളും ഉണ്ടായിരുന്നു. പിന്നാലെ രണ്ട് സഹായികളെയും പിടികൂടി.

ഉയർന്ന വിഷാംശമുള്ള റിസിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാവുന്ന നാല് ലിറ്റർ ആവണക്കെണ്ണയും പൊലീസ് കണ്ടെടുത്തു. ദില്ലി, ലഖ്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വിഷം കലർത്തി ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ഡോക്ടറെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാൾക്കും സംഘത്തിനും ഐഎസ് ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഏതാണ്ട് ഇതേ സമയത്ത് തന്നെ, ജമ്മു കശ്മീർ പൊലീസ് ഹരിയാനയിലെ ഫരീദാബാദിൽ ഡോ. മുസമ്മിൽ ഷക്കീലുമായി ബന്ധപ്പെട്ട രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങൾ റെയ്ഡ് ചെയ്യുകയും മാരകമായ അളവിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഏകദേശം 3,000 കിലോഗ്രാം ബോംബ് നിർമ്മാണ വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളും അസോൾട്ട് റൈഫിളുകളും വെടിക്കോപ്പുകളും ഉൾപ്പെടുന്നു. 

ഫരീദാബാദിലെ അൽ-ഫലാഹ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഷക്കീൽ, ഈ ഓപ്പറേഷനിൽ അറസ്റ്റിലായ ജമ്മു & കാശ്മീരിൽ നിന്നുള്ള രണ്ടാമത്തെ ഡോക്ടറായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഡോക്ടർ ആദിൽ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിരോധിത പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ച രണ്ട് പേരിൽ ഒരാളാണെന്ന് സിസിടിവി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. മൂന്നാമത്തെ ഡോക്ടറായ ഷഹീൻ ഷാഹിദിനെയും അറസ്റ്റ് ചെയ്തു. മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന കാറിൽ ഒരു അസോൾട്ട് റൈഫിളും കുറച്ച് വെടിക്കോപ്പുകളും കണ്ടെടുത്തു.

അനന്ത്‌നാഗ് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ ആദിൽ റാത്തർ ജോലി ചെയ്തിരുന്ന ലോക്കറിൽ നിന്ന് അസോൾട്ട് റൈഫിളും വെടിക്കോപ്പുകളും പോലീസ് കണ്ടെത്തി. അനന്ത്‌നാഗ് ആശുപത്രിയിലെ റാതറിന് നൽകിയിരുന്ന ലോക്കറിൽ നിന്നാണ് അസോൾട്ട് റൈഫിൾ കണ്ടെടുത്തത്. അതേസമയം, ഡൽഹിയിൽ പൊട്ടിത്തെറിച്ച കാറിന്റെ ഉടമകളിൽ ഒരാൾ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള താരിഖ് ആണെന്ന് വിവരങ്ങൾ പുറത്തുവന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ