ദില്ലി സ്ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുക്കും, വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി, ചാവേറാക്രമണ സാധ്യത പരിശോധിക്കുന്നു

Published : Nov 11, 2025, 10:38 AM ISTUpdated : Nov 11, 2025, 10:54 AM IST
delhi blast NIA

Synopsis

എച്ച്ആർ‌ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ദില്ലി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ‌ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണ്. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്.

അതേ സമയം, ദില്ലി സ്ഫോടനത്തെപ്പറ്റി ഇപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് പോലീസ്. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകൾ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി രാജ ഭാണ്ടിയ ഐപിഎസ് പറഞ്ഞു. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. 

തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നു. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം. ദില്ലി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ആണ് നടപടി. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തും. ചെങ്കോട്ട മെട്രോ സ്റ്റേഷൻ അടച്ചു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ  ഒരാളുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു. ലോകേഷ് അഗർവാളിന്റെ മൃതദേഹമാണ് യു പിയിലെ അമ്രോഹയിലെ വസതിയിൽ എത്തിച്ചത്.  സ്ഫോടകവസ്തു നിയമപ്രകാരവും ബിഎൻഎസ് വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നോർത്ത് ഡിസിപി രാജ ബാൻഡിയ അറിയിച്ചു. 

ചെങ്കൊട്ട സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ദില്ലിയിൽ ഉന്നത തല യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻറലിജൻസ് ബ്യൂറോ ഡയറക്ടര്‍, ദില്ലി പൊലീസ് കമ്മീഷണര്‍, എൻഎഐ ഡിജി അടക്കം പങ്കെടുക്കുന്നു. ഔദ്യോഗിക വിശദീകരണം ഇന്നുണ്ടായേക്കും. ജമ്മു കശ്മീര്‍ ഡിജിപിയും ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുക്കും.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ