
മുംബൈ: ജർമനിയിൽ നിന്നെത്തിയതിനെ തുടർന്ന് ഹോം ക്വാറൻ്റൈൻ നിര്‍ദേശിച്ച നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടു. കയ്യിൽ ഹോം ക്വാറൻ്റൈൻ എന്ന് മുദ്ര പതിപ്പിച്ചിരുന്ന വിദ്യാർത്ഥികളെയാണ് സഹയാത്രികർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പാല്‍ഘര്‍ സ്റ്റേഷനു സമീപമാണ് സംഭവം.
വിദ്യാർത്ഥികൾ ഗുജറാത്തിലേയ്ക്ക് മടങ്ങും വഴിയായിരുന്നു സംഭവം. ഇവരെ കണ്ടതോടെ ടിക്കറ്റ് ചെക്കറും ചില യാത്രക്കാരും ചേര്‍ന്ന് ബഹളം വെക്കുകയും ട്രെയിൻ നിര്‍ത്തിക്കുകയുമായിരുന്നു. പിന്നാലെ നാല് പേരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുകയും റോഡ് മാര്‍ഗം യാത്ര തുടരാൻ അനുവദിക്കുകയുമായിരുന്നു.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, എസ്സെൻ, മല്‍ഹെയിം സര്‍വകലാശാലകളിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ജര്‍മനിയില്‍ നിന്നും മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിൽ കഴിയാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
സൂറത്ത്, വഡോദര, ഭാവ്നഗര്‍ സ്വദേശികളാണ് ഇവര്‍. പാല്‍ഘര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരോട് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും ഇവര്‍ യുവാക്കളെ യാത്ര തുടരാൻ അനുവദിച്ചില്ല. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിയ യുവാക്കള്‍ 6000 രൂപയോളം മുടക്കി ടാക്സി വാഹനത്തില്‍ സൂററ്റിലെത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam