
മുലുഗു(തെലങ്കാന): സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനായി ഗോദാവരി നദിയിലെത്തിയ യുവാക്കള്‍ ദീപാവലി ദിനത്തില്‍ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് സംഭവം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുപേരുടെ മൃതദേഹം ശനിയാഴ്ചയും മറ്റ് രണ്ട്പേരുടെ മൃതദേഹം ഞായറാഴ്ച രാവിലെയും കണ്ടെടുത്തു. രായവരപ്പു പ്രകാശ്, തുമ്മ കാര്‍ത്തിക്, കെ അവ്‌നേഷ്, എസ് ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സുഹൃത്തായ ശശികുമാറിന്റെ ജന്മദിനാഘോഷത്തിനാണ് 16 പേര്‍ നദീതീരത്തെത്തിയത്.
നാല് പേരെ കാണാതായതോടെ മറ്റുള്ള സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വെങ്കിടാപുരം ഇന്‍സ്‌പെക്ടര്‍ കെ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വെങ്കടാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam