
ഗുരുഗ്രാം: ഹരിയാണയിലെ ഗുരുഗ്രാമിൽ പൊലീസും ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു സ്കോർപിയോ കാറിൽ ആയുധങ്ങളുമായി ഗുണ്ടാസംഘം ഗുരുഗ്രാമിലെ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ രാത്രി തന്നെ പൊലീസും ഇവിടേക്ക് പുറപ്പെട്ടു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പൊലീസ് കണ്ടത്. ഇതോടെ പൊലീസുകാർ ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ഗുണ്ടാസംഘം പൊലീസിന് നേരേയും വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു.
ഇരുവിഭാഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവെപ്പുണ്ടായെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനിടെ പൊലീസിന്റെ വെടിയേറ്റ് അഞ്ച് ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരാണ് വ്യാഴാഴ്ച രാത്രി വീട്ടിലെത്തി വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്തിരുന്ന് ക്രിമിനൽസംഘങ്ങളെ നിയന്ത്രിക്കുന്ന ദീപക് നന്ദാളിൽനിന്ന് വ്യവസായിക്ക് പല തവണ ഭീഷണികളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം വ്യവസായിയുടെ വീട്ടിലെത്തി ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന കാറും ഇവരുടെ കൈവശമുണ്ടായിരുന്ന വിദേശനിർമിത തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam