
ദില്ലി: ലഡാക്ക് സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതാണ് റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി ഉണ്ടായ സംഘർഷത്തിൽ ആകെ ഇരുപത് സൈനികർ മരണപ്പെട്ടതായി നേരത്തെ കരസേന വ്യക്തമാക്കിയിരുന്നു. മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസിയും പുറത്തു വിട്ടിരുന്നു.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. നൈറ്റ് പട്രോളിംഗിനു പോയ ഇന്ത്യൻ സൈനികർ മലമുകളിൽ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘർഷം ആരംഭിച്ചത് എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
തോക്കോ മറ്റു മാരകായുധങ്ങളോ ഉപയോഗിക്കാതെ കല്ലും വടിയും ദണ്ഡും ഉപയോഗിച്ചാണ് ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയതെന്നാണ് വിവരം. സംഘർഷത്തിൽ 43 ചൈനീസ് സൈനികർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam