ബംഗാളില്‍ പതാകകൾ മാറ്റുന്നതിനെച്ചൊല്ലി തൃണമൂൽ - ബിജെപി സംഘർഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Published : Jun 09, 2019, 08:56 AM ISTUpdated : Jun 09, 2019, 11:14 AM IST
ബംഗാളില്‍ പതാകകൾ മാറ്റുന്നതിനെച്ചൊല്ലി തൃണമൂൽ - ബിജെപി സംഘർഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Synopsis

പാർട്ടി പതാകകൾ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ സംസ്ഥാന ബിജെപി ഘടകത്തോട് റിപ്പോർട്ട് തേടി.

കൊൽക്കത്ത: ബംഗാളിൽ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനുമാണ് മരിച്ചത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

പാർട്ടി പതാകകൾ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് എഴുപത് കിലോമീറ്റർ അകലെയുള്ള നയ്‍ജാത് എന്ന സ്ഥലത്താണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോടെ പൊതു സ്ഥലങ്ങളിൽ വച്ചിരുന്ന പാർട്ടി പതാകകൾ ഊരിമാറ്റാൻ പാർട്ടി പ്രവർത്തകർ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. ഹത്‍ഗച പഞ്ചായത്ത് മേഖലയിൽ ഇന്നലെ രാത്രിയോടെയാണ് സംഘർഷമുണ്ടായത്. ബഷീർഹട്ട് ലോക്സഭാ മണ്ഡലത്തിലാണ് അക്രമമുണ്ടായ നയ്‍ജാത്. മണ്ഡലത്തിൽ ജയിച്ചത് തൃണമൂലാണെങ്കിലും അക്രമം അരങ്ങേറിയ ഹത്ഗചയിൽ തൃണമൂലിനേക്കാൾ വോട്ട് നേടിയത് ബിജെപിയാണ്. 

മേഖലയിൽ വ്യാപകമായ അക്രമം അരങ്ങേറിയതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തി. 26-കാരനായ തൃണമൂൽ പ്രവർത്തകൻ ഖായൂം മൊല്ലയും ബിജെപി പ്രവർത്തകരായ പ്രദീപ് മണ്ഡലും സുകാന്ത മണ്ഡലും വെടിയേറ്റാണ് മരിച്ചത്. ഇതിലൊരാളുടെ ഇടത് കണ്ണിലാണ് വെടിയേറ്റിരിക്കുന്നത്. തപൻ മണ്ഡൽ എന്ന ഒരു പ്രവർത്തകൻ മരിച്ചതായും അഞ്ച് പ്രവർത്തകരെ കാണാനില്ലെന്നും ബിജെപിയും ആരോപിക്കുന്നു. 

തൃണമൂൽ കോൺഗ്രസ് സ്ഥലത്ത് ബൂത്ത് കമ്മിറ്റി യോഗം ചേരുകയായിരുന്നെന്നും, പ്രദേശത്ത് എത്തിയ ബിജെപി പ്രവർത്തകരുമായി വഴക്കുണ്ടാവുകയും ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വെടിവെച്ചെന്ന് ബിജെപിയും ബിജെപി പ്രവർത്തകർ പിസ്റ്റളുകളുമായി വള‌ഞ്ഞെന്ന് തൃണമൂലും പരസ്പരം ആരോപിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയാണ് അക്രമത്തിന് ഉത്തരവാദിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുമെന്നും തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ് പറയുന്നു. 

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ സംസ്ഥാന ബിജെപി ഘടകത്തോട് റിപ്പോർട്ട് തേടി.രാഷ്ട്രീയസംഘർഷങ്ങളുടെ പേരിലാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിൻമാറിയത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍