
കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം ദേശീയ പാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കോയമ്പത്തൂര്‍ പോത്തനൂർ മെയിൻ റോഡിലാണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറും - സേലം ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നല്ലേപ്പിള്ളി വാരിയത്ത്‌കാട് ഗംഗാധരന്‍റെ മകൻ രമേശ്, രമേശിന്‍റെ പന്ത്രണ്ട് വയസുള്ള മകൻ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകൻ ഋഷികേഷ് എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ആതിര, നിരഞ്ജന, വിപിൻദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപിള്ളി സ്വദേശിയായ ഡ്രൈവർ രാജനും പരിക്കേറ്റു. ഇവർ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ വിപിൻദാസ് സിംഗപ്പൂരിൽ എൻജീനീയറാണ്. മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സിംഗപ്പൂരിലേക്ക് പോകുന്ന വിപിൻദാസിനെയും കുടുംബത്തേയും യാത്ര അയക്കാൻ സഹോദരൻ രമേഷ് മക്കളുമായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി മറിഞ്ഞു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പാലക്കാട് നല്ലേപ്പിള്ളിയിലെ വീട്ടിലെത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam