എട്ടടി ആഴമുള്ള അഴുക്കുചാലില്‍ വീണ് നാലുവയസ്സുകാരി; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

By Web TeamFirst Published Sep 30, 2019, 1:37 PM IST
Highlights

തക്കസമയത്ത് ജ്യോതി റാം കണ്ടില്ലായിരുന്നെങ്കില്‍  ആ പെണ്‍കുട്ടി മരിച്ചുപോകേണ്ടതായിരുന്നു. പരാതിപ്പെട്ടിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല....

ജോധ്‍പൂര്‍: അഴുക്കുചാലില്‍ വീണ് മുങ്ങിപ്പോയ നാല് വയസുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ജോധ്പൂരിലെ ഹോഴ്സ് ചൗക്കില്‍  ഇതുകണ്ട് ഓടിയെത്തിയ പ്രദേശവാസിയുടെ സന്ദര്‍ഭോചിതമായ ഇടപെടുലുകൊണ്ടാണ് ഒരു ജീവന്‍ രക്ഷിക്കാനായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഞായറാഴ്ച വൈകീട്ട് 5.40 ഓടെയാണ് പെണ്‍കുട്ടി അഴുക്കുചാലില്‍ വീണത്. നാലുവയുകാരി വൈഷ്ണവിയാണ് അപകടത്തില്‍പ്പെട്ടത്. എട്ടടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീണ കുട്ടി മുങ്ങിത്താഴാന്‍ തുടങ്ങിയിരുന്നു. ജ്യോതി റാം പട്ടീല്‍ എന്നയാളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. 

അപകടം നടക്കുന്നതിന് പത്തടി അകലെയുള്ള കടയില്‍ ജോലി ചെയ്യുകയായിരുന്നു ജ്യോതി റാം. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. ഓടിയെത്തിയ ഇയാള്‍ കുട്ടിയെ വലിച്ച് പുറത്തേക്കിട്ടു. 

കഴിഞ്ഞ ഒരാഴ്ചയായി തുറന്നിട്ട, നിറഞ്ഞൊഴുകുന്ന ഓട കാരണം ദുരിതമനുഭവിക്കുകയാണ് നാട്ടുകാര്‍.  റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ഓട തുറന്നുവച്ചത്, എന്നാല്‍ പിന്നീട് ഇവര്‍ ഇത് അടച്ചില്ല. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 

തക്കസമയത്ത് ജ്യോതി റാം കണ്ടില്ലായിരുന്നെങ്കില്‍  ആ പെണ്‍കുട്ടി മരിച്ചുപോകേണ്ടതായിരുന്നു. പരാതിപ്പെട്ടിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. അപകടം നടന്നതിന് ശേഷം കോര്‍പ്പറേഷന്‍ അധികൃതരെത്തി നിര്‍മ്മാണ് പൂര്‍ത്തിയാക്കി ഓട അടച്ചു. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ ആ കുഞ്ഞിന് അപകടം സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. 
 

click me!