ഒളിച്ചുകളിയില്ല, അതിര്‍ത്തി ലംഘിക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്ന് കരസേനമേധാവി

By Web TeamFirst Published Sep 30, 2019, 12:59 PM IST
Highlights

ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നത് പാക്കിസ്ഥാന്‍റെ നയമാണെന്നും കരസേനാ മേധാവി ബിബിന്‍ റാവത്ത് പറഞ്ഞു

ദില്ലി: കശ്മീര്‍ വിഷയത്തില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാന് താക്കീതുമായി ഇന്ത്യന്‍ കരസേന മേധാവി ബിബിന്‍ റാവത്ത്. പാകിസ്ഥാന് നശിപ്പിക്കാനാകാത്ത പവിത്രമായ ഇടമാണ് ലൈന്‍ ഓഫ് കണ്‍ട്രോള്‍ (എല്‍ഒസി) എന്ന സന്ദേശമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിബിന്‍ റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞ‌ത്. 

ഒളിച്ചുകളി അധികനാള്‍ തുടരില്ല, ഇന്ത്യക്ക് അതിര്‍ത്തി കടക്കണമെങ്കില്‍ വ്യോമമാര്‍ഗമോ കരമാര്‍ഗമോ ആകാമെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാന്‍  ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ കശ്മീരിനുവേണ്ടി പാകിസ്ഥാനില്‍ നടക്കുന്നത് ജിഹാദാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശത്തെയും ബിബിന്‍ റാവത്ത് വിമര്‍ശിച്ചു.  ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നത് പാകിസ്ഥാന്‍റെ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം യുദ്ധം നടന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്‍റെ നിലപാടിനെയും ബിബിന്‍ റാവത്ത് വിമര്‍ശിച്ചു. അത്തരമൊരു നടപടി അന്താരാഷ്ട്രസമൂഹം അനുവദിക്കുമോ എന്ന് ചോദിച്ച് കരസേനാ മേധാവി, ആണവായുധങ്ങള്‍ ഉപയോഗിക്കേണ്ടത് പ്രതിരോധത്തിനാണെന്നും വ്യക്തമാക്കി. 

ഓഗസ്റ്റ് 5ന് ശേഷം ഇന്ത്യക്കെതിരായ നീക്കങ്ങളെ സൈന്യം ശക്തമായി ചെറുക്കുന്നുണ്ട്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കൂടിയിരിക്കുകയാണ്. ജമ്മു കശ്മീരിലെഒരു വലിയ വിഭാഗം ഇത് തങ്ങളുടെ നന്മയ്ക്കാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതായും ബിബിന്‍ റാവത്ത് പറഞ്ഞു.

click me!