വിശാഖപട്ടണത്ത് കൊവിഡ് കാലത്തെ നാലാമത്തെ അപകടം; കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

By Web TeamFirst Published Aug 2, 2020, 12:34 AM IST
Highlights

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വ്യാവസായിക മേഖലയില്‍ വീണ്ടും അപകടം. ഹിന്ദുസ്ഥാന്‍ ഷിപ്യാർഡിലെ ക്രെയിന്‍ മറിഞ്ഞുവീണ് 11 പേർ മരിച്ചു. 

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വ്യാവസായിക മേഖലയില്‍ വീണ്ടും അപകടം. ഹിന്ദുസ്ഥാന്‍ ഷിപ്യാർഡിലെ ക്രെയിന്‍ മറിഞ്ഞുവീണ് 11 പേർ മരിച്ചു. പുതുതായെത്തിച്ച ക്രെയിന്‍ ഭാരപരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വിശാഖപട്ടണത്ത് ലോക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുന്നത്. 

വിശാഖപട്ടണത്ത് ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. 12 മണിയോടെയാണ് 70 ടൺ ഭാരമുള്ള കൂറ്റന്‍ ക്രെയിന്‍ നിലം പൊത്തിയത്. 30 പേർ സ്ഥലത്ത് ജോലിയെടുക്കുന്നുണ്ടായിരുന്നു. ക്യാബിനകത്തുണ്ടായിരുന്ന 20 പേരടക്കം ക്രെയിനിന് അടിയില്‍ പെട്ടുപോയി. 11 പേർ മരിച്ചെന്ന് വിശാഖപട്ടണം കളക്ടർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക്മാറ്റി. രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. പുതുതായി ഷിപ്യാർഡിലെത്തിച്ച ക്രെയിന്‍ ഭാരപരിശോധന നടത്തവേ മറിഞ്ഞു വീഴുകയായിരുന്നുവെന്ന് കളക്ടർ പറഞ്ഞു. 

മെയ് ഏഴിന് എല്‍ജി പോളിമർ പ്ലാന്‍റില്‍ സ്റ്റെറൈന്‍ വാതകം ചോർന്നുണ്ടായ ദുരന്തത്തില്‍ 14 പേർക്കാണ് ജീവന്‍ നഷ്ടമായത്. ജൂലൈ 13ന് ഫാർമസ്യൂട്ടിക്കല്‍ കന്പനിയിലുണ്ടായ പൊട്ടിത്തെറയിൽ ഒരു ജീവനക്കാരന്‍ പൊള്ളലേറ്റു മരിച്ചിരുന്നു. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങൾ സുരക്ഷാ മുന്‍കരുതല്‍ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി നിർദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും അപകടം. അപടകത്തിന്റെ കാരണം കണ്ടെത്തി കർശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
 

click me!