
ദില്ലി: കൊവിഡ് വാക്സീൻ സൗജന്യമാക്കുന്നതിനും റേഷൻ വിതരണത്തിനും ആയി ഈ വർഷം എണപതിനായിരം കോടി രൂപ വകയിരുത്തുമെന്ന് കേന്ദ്രസര്‍ക്കാർ. സുപ്രീം കോടതിയുടെ ശക്തമായ നിലപാടിന് ശേഷമാണ് സൗജന്യ വാക്സീൻ പ്രഖ്യാപനം നരേന്ദ്രമോദി നടത്തിയതെങ്കിലും ബജറ്റിൽ പ്രഖ്യാപിച്ച 35000 കോടി രൂപ ഇതിന് മതിയാകില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ വിലയിരുത്തുന്നത്. ഡിസംബറോടെ എല്ലാവർക്കും വാക്സീൻ നല്കാൻ 50,000 കോടി രൂപ വരെ ചിലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കൊവിഡ് കണക്കിലെടുത്ത് ജൂൺ വരെ സൗജന്യ റേഷൻ നല്കാൻ 26000 കോടി രൂപയാണ് സർക്കാർ നേരത്തെ മാറ്റിവച്ചത്. നവംബർ വരെ ഇത് നല്കാൻ തീരുമാനിച്ചതോടെ 90,000 കോടി രൂപയെങ്കിലും ഇതിന് വേണ്ടി വരും. അതായത് വാക്സീൻ റേഷൻ ചെലവുകൾ കൂടിയതോടെ ബജറ്റിനെക്കാൾ 80,000 കോടി രൂപ ഈ വർഷം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ ആശുപത്രികൾ വഴി നല്കുന്ന കൊവാക്സിന് ഒരു ഡോസിന് വില 1410 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട് . കൊവിഷീൽഡിന് 780 രൂപയും സ്പൂട്നിക്കിന് 1145 രൂപയുമാണ് കണക്കാക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ച 25 ശതമാനം ക്വാട്ടയിൽ കൂടുതൽ വാക്സീൻ അവർക്കു കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ദേശീയ ആരോഗ്യ പോർട്ടൽ വഴിയാകും ഇത് നിരീക്ഷിക്കുക. സ്വകാര്യ ആശുപ്രതികളിലെ വാക്സീൻ വിതരണം എങ്ങനെ നിയന്ത്രിക്കും എന്ന വിഷയം അടുത്തയാഴ്ച സുപ്രീംകോടതിയിലും ഉയർന്നു വന്നേക്കും.
അതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവലേകനം ചെയ്യും. തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിനു താഴെയാണ്. 92,596 പേരാണ് രാജ്യത്ത് മരിച്ചത്. 2219 പേർ 24 മണിക്കൂറിൽ മരിച്ചു. ബ്രസീലിലെ പ്രതിദിന മരണസംഖ്യ ഇന്ന് ഇന്ത്യയെക്കാൾ കൂടുതലാണ്. പുതിയ സാഹചര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വേണോയെന്ന് പ്രധാനമന്ത്രി വിളിച്ച് യോഗം ആലോചിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam