
തൃശൂര്‍: സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് കത്തെഴുതിയ അഞ്ചാംക്ലാസുകാരിക്ക്, മറുപടി കത്തെഴുതി ചീഫ് ജസ്റ്റിസ്. കൊവിഡ് വിഷയത്തിലെ കോടതിയുടെ ഇടപെടലിനെ കുറിച്ച് എഴുതിയ മലയാളി വിദ്യാര്‍ത്ഥി ലിഡ്‍വിന ജോസഫിനാണ് ചീഫ് ജസ്റ്റിസ് കത്ത് എഴുതിയത്. ലിഡ്‍വിനയുടെ കത്തില്‍ സന്തോഷം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഭരണഘടനയുടെ പകര്‍പ്പും ഒപ്പിട്ട് സമ്മാനമായി നല്‍കി.
ബഹുമാനപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിന് എന്ന് തലക്കെട്ടിലാണ് ലിഡ്‍വിനയുടെ ഏഴ് വരിയുള്ള കത്ത് തുടങ്ങുന്നത്. പത്രത്തില്‍ നിന്നാണ് ഞാന്‍ വാർത്തകള്‍ അറിയുന്നത്. ദില്ലി ഉള്‍പ്പെടെയുള്ള രാജ്യത്ത് പലയിടങ്ങളിലും കൊറോണ മൂലം ആളുകള്‍ മരിക്കുന്നത് എന്നെ വിഷമിപ്പിച്ചു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ മൂലം നിരവധി പേരെ മരണത്തില്‍ രക്ഷിക്കാനായെന്ന് അറിയാനായി.കൊവിഡിലെ കോടതിയുടെ ഇടപെടലുകള്‍ സന്തോഷകരവും അഭിമാനകരവുമാണെന്നും കുഞ്ഞു കത്തില്‍ ലിഡ്‍വിന എഴുതി. ഒപ്പം കൊറോണ വൈറസിനെ അടിച്ച് ശരിയാക്കാന്‍ പോകുന്ന ഒരു ജഡ്ജിയുടെ പടവും വരച്ച് കത്തിനോടൊപ്പം അയച്ചു.
ഗൗരവതരമായ നൂറ് കണക്കിന് കത്തുകള്‍ ദിവസവും ലഭിക്കുന്ന സുപ്രീംകോടതിയില്‍ നിന്ന് ഈ കത്തിന് ഒരു മറുപടി വരുമെന്ന് ലിത്വിനയോ അവളെ പ്രോത്സാഹിപ്പിച്ച കുടുംബമോ കരുതി കാണില്ല. . എന്നാല്‍ ആ കത്തിന് ഇന്നലെ ഒരു മറുപടിയുണ്ടായി. എഴുതിയത് ചീഫ് ജസ്റ്റിസ് എൻ വി രമണ തന്നെയാണ്.
പ്രിയപ്പെട്ട ലിഡ്‍വിന അയച്ച മനോഹരമായ കത്തും പടവും കിട്ടി. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ലിഡ്‍വിന ശ്രദ്ധിക്കുന്നുവെന്നതും ആളുകളുടെ ക്ഷേമത്തെ കുറിച്ചുള്ള കരുതലുമെന്നെ അതിശയിപ്പിച്ചു. വളരുമ്പോള്‍ ലിഡ്‍വിന രാജ്യത്തിന് വലിയ സംഭാവന നല്‍കുന്ന ഉത്തരവാദിത്വമുള്ള ആളാകുമെന്ന് എനിക്ക് ഉറപ്പാണ്. ലിഡ്‍വിനക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ചീഫ് ജസ്റ്റിസ് മറുപടി കത്ത് അവസാനിപ്പിക്കുന്നത്.
ലിഡ്‍വിനയുടെ കത്തും ചീഫ് ജസ്റ്റിസിന്‍റെ മറുപടിയുമെല്ലാം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തതയായിട്ടുമുണ്ട്. സർക്കാരിന്‍റെ വാക്സിന്‍ നയത്തിലടക്കം തിരുത്തലിലേക്ക് നയിച്ചതിലെ കോടതിയുടെ ഇടപെടലിനൊപ്പമാണ് തൃശ്ശൂരിലെ ഈ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കത്തും ചര്‍ച്ചയാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam