
റോത്താംഗ്: റോത്താംഗിലെ അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിക്കാനായി ഹിമാചല്‍ പ്രദേശിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് അപൂര്‍വ്വങ്ങളായ ഭക്ഷണങ്ങളാണ്. ഇന്ന് ഉച്ചയ്ക്ക് മോദിയുടെ തീന്‍മേശയില്‍ വിളമ്പുക അത്രയും വിശേഷപ്പെട്ട ഗുച്ചി കൂണുകള്‍ ഉള്‍പ്പെടെയുളള ആഹാരമാകും.
കൃഷി ചെയ്‌തെടുക്കാന്‍ സാധിക്കാത്ത, പ്രകൃതിദത്തമായി മാത്രം ലഭിക്കുന്ന ഗുച്ചി കൂണുകള്‍ മോദിക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ്. ആറായിരം അടി ഉയരത്തില്‍ മാത്രം വളരുന്ന ഇവ, കുളു - മണാലി, ചമ്പ, കങ്ക്ര, പാംഗി താഴ്‌വര എന്നിവിടങ്ങളില്‍ മാത്രമാണ് ഇവ കണ്ടുവരുന്നത്. അപൂര്‍വ്വമായി മാത്രം ലഭിക്കുന്നതുകൊണ്ടുതന്നെ കിലോഗ്രാമിന് ഏകദേശം 40000 രൂപയാണ് ഇതിന്റെ വിപണിവില.
വളരെ പണിപ്പെട്ടാണ് ഗ്രാമവാസികള്‍ ഇത് ശേഖരിക്കുന്നത്. കട്ടിയുള്ള മേല്‍മണ്ണ് കിളച്ചുവേണം പലപ്പോഴും ഇത് ശേഖരിക്കാന്‍. അഴുകി തുടങ്ങിയ മരത്തിലോ, ഇലകളിലോ നല്ല വളക്കൂറുള്ള മണ്ണിലോ മാത്രമാണ് ഇവ വളരുക. ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിച്ചുവേണം മലമുകളില്‍ നിന്ന് ഇത് കണ്ടെത്താന്‍. ഒരു ദിവസം മുഴുവന്‍ തിരഞ്ഞാലും കുറഞ്ഞ അളവില്‍ മാത്രമേ കിട്ടൂ. മാത്രമല്ല, മാര്‍ച്ച് മുതല്‍ മെയ് വരെ മാത്രമാണ് ഇത് മുളയ്ക്കുക. എന്നാല്‍ ഒരു തവണ മുളച്ചിടത്ത്, ഗുച്ചി കൂണുകള്‍ വീണ്ടും വളരണമില്ല.
മാസങ്ങളെടുത്താണ് ഇവ ഉണക്കി വിപണിയെലെത്തിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇരുമ്പ്, ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ ഡി, ഫൈബര്‍ എന്നിവയുടെ കലവറയാണ് ഗുച്ചി കൂണുകള്‍. ഗുച്ചി കൂണുകള്‍ മാത്രമല്ല, ഹിമചലിന്റെ മറ്റ് തനത് വിഭവങ്ങളും മോദിയുടെ മെനുവിലുണ്ട്.
കുളുവിന്റെ പ്രത്യേക ആഹാരമായ സിദ്ദുവും അതില്‍പ്പെടും. ഗോതമ്പു് പൊടികൊണ്ടുണ്ടാക്കിയ പ്രത്യേക തരം ബ്രഡ്ഡാണ് സിദ്ദു. വാല്‍നട്ട്, പോപ്പി സീഡ്, കുതിര്‍ത്ത മാദളവിത്ത്, തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഇത് നെയ്യൊഴിച്ച് ചട്ട്‌നി ചേര്‍ത്താണ് കഴിക്കുന്നത്. ചമ്പകൊണ്ടും പച്ചക്കറികൊണ്ടും തയ്യാറാക്കുന്ന മദ്ര, സെപുവാഡി, കഡു അമ്‌ല, തുടങ്ങിയവയും മെനുവിലുണ്ട്. ഇതിനുപുറമെ, മക്കി എന്ന പൊടികൊണ്ട് തയ്യാറാക്കുന്ന ഹല്‍വ, പ്രത്യേകതരം പായസം, തുടങ്ങിയവയും മെനുവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam