
ലഖ്നൗ: ഹഥ്രാസിലെ പെൺകുട്ടിയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവ്.
പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ നീക്കവും വിവാദത്തിലാകുന്നത്. അതേസമയം, സംഭവത്തിൽ മുഖം രക്ഷിക്കൽ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ ഇന്നലെ രംഗത്തെത്തി.
കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് സൂപ്രണ്ട് ഉൾപ്പടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ പരിഗണയിലാണെന്നാണ് സൂചന. ഇതിനിടെ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു.
അതേസമയം, പെൺകുട്ടിയുടെ കുടുംബത്ത നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇനിയും കുടുംബത്തെ പീഡിപ്പിക്കരുത്. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊലീസ് യോഗി ആദിത്യനാഥിൻറെ പ്രതിച്ഛായ ഇടിച്ചെന്ന് ഉമാഭാരതി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam