
പ്രതിരോധം: ഇ പി ജയരാജന്‍ വക!
പ്രതിരോധം എന്ന വാക്ക് സിപിഐഎമ്മിന്റെ ജീവനാഡിയാണ്. സാമ്രാജ്യത്വം മുതല്‍ ജന്മികുടിയാന്‍ വ്യവസ്ഥിതി മുതല്‍ ജനഹിതത്തിനെതിരായ എല്ലാത്തിനുമെതിരായ പ്രതിരോധമാണ് സിപിഐഎമ്മിന്റെ മുദ്രാവാക്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംഘടനാ സംവിധാനം കെട്ടിയുറപ്പിക്കുന്നതിനും, എംവി ഗോവിന്ദന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനം താഴെ തട്ടില്‍ വരെ അരക്കിട്ടുറപ്പിക്കാനുമായി തുടങ്ങിയ ജാഥക്ക് ജനകീയ പ്രതിരോധജാഥയെന്ന് പേരിട്ടതും ആലോചിച്ച് തന്നെ.
പുതുതലമുറയിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജാഥക്കുള്ള എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടി നടത്തി. കാസര്‍കോട്ട് കഴിഞ്ഞമാസം 20-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തു. പക്ഷേ വലിയൊരു നേതാവ് ജാഥയില്‍ നിന്ന് വിട്ടുനിന്ന് ആദ്യം തന്നെ പ്രതിരോധം തീര്‍ത്തു. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല.
സിപിഐഎമ്മിന്റെ ചരിത്രത്തില്‍ ഇത്തരമൊരു വിട്ടുനില്‍ക്കല്‍ അപൂര്‍വമാണ്. നേരത്തേ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കത്തിനിന്ന കാലത്ത് പിണറായി വിജയന്‍ നയിച്ച ജാഥ മുതിര്‍ന്ന നേതാവ് വിഎസ് അച്ചുതാനന്ദന്‍ ബഹിഷ്‌കരിച്ചിരുന്നു. ഇപി ജയരാജന്റെ വിട്ടുനില്‍ക്കല്‍ ആദ്യം ആരും അത്ര കാര്യമാക്കിയില്ല. രണ്ടാം ദിവസം ജാഥ കണ്ണൂരെത്തി. സ്വന്തം തട്ടകത്തില്‍ പതിനായിരങ്ങളെ അണിനിരത്തി പാര്‍ട്ടി ശക്തിപ്രകടനം കാട്ടിയപ്പോഴും ഇപി ജയരാജനെ എവിടെയും കണ്ടില്ല. സംഗതി വാര്‍ത്തയായി. ജയരാജന്‍ ഉടന്‍ വരുമെന്ന് എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നപ്പോഴും ഇ പി ജയരാജന്‍ ഒന്നും പറയാതെ സസ്‌പെന്‍സ് കാത്തു. സിപിഎമ്മിന്റെ പ്രതിരോധ ജാഥക്ക് എല്ലാ ദിവസവും ജയരാജനെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു.
ജാഥ കണ്ണൂരിനെ ഇളക്കി മറിച്ച ദിവസം വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ച് ഇപി ജയരാജന്‍ കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ പങ്കെടുത്തതോടെ ആരോഗ്യപ്രശ്‌നങ്ങളാലാണ് ഇപി വിട്ടുനില്‍ക്കുന്നതെന്ന പ്രതിരോധവും പൊളിഞ്ഞു. ഇതുപോലൊരു മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്ര വലിയൊരു പ്രതിരോധം പാര്‍ട്ടി തീരെ പ്രതീക്ഷിച്ചില്ല. മുതിര്‍ന്ന നേതാവായ തന്നെ പിന്തള്ളി സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ പരിഗണിച്ചതും, മുതിര്‍ന്ന നേതാവ് പി ജയരാജന് എല്ലാ പിന്തുണയും നല്‍കി തനിക്കെതിരെ ആരോപണം കൊണ്ട് വന്നത് സെക്രട്ടറിയായ സാക്ഷാല്‍ എംവി ഗോവിന്ദനാണെന്ന പരാതിയുമാണ് ജാഥ ബഹിഷ്‌കരിക്കാന്‍ ഇപിയെ പ്രേരിപ്പിച്ചത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ടു.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍, ജാഥയില്‍ പങ്കെടുക്കണമെന്ന് ഇപി ജയരാജനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാളെ തന്നെ പങ്കെടുക്കണമെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ ഇപി ജയരാജന്‍ തൃശൂരിലേക്ക് വണ്ടി കയറി.
കുറേ ചോദ്യങ്ങളാണ് ബാക്കിയാവുന്നത്? ജാഥക്കെതിരെ ഇപി ജയരാജന്‍ തീര്‍ത്ത പ്രതിരോധം അവസാനിക്കുമോ? ഇപി ജയരാജന്‍ ഇനി പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരിക്കും? പാര്‍ട്ടിക്ക് വലിയ പ്രതിരോധം തീര്‍ത്ത ഈ നേതാവിന്റെ നിലപാടുകളെ പാര്‍ട്ടി ഇനി എങ്ങനെ കാണും? സംഭവത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ? ഒരു കാര്യം ഉറപ്പാണ്, സിപിഐഎമ്മില്‍ നിന്ന് ഇനി വരാനുളളത് പ്രധാന വാര്‍ത്തകളായിരിക്കും.
ശരിക്കുള്ള 'സിഎം' മുഖ്യനോ?
ഒരു പഴയ തമിഴ് സിനിമയിൽ, കാണാതെപോയ വാഴപ്പഴത്തെ ചൊല്ലി ഹാസ്യനടൻമാരായ ഗൗണ്ടമണിയും സെന്തിലും തമ്മിൽ വഴക്കിടുന്ന ഒരു രംഗമുണ്ട്. കാണാതെ പോയ വാഴപ്പഴത്തെ കുറിച്ച് സെന്തിൽ ചോദിക്കുമ്പോഴെല്ലാം അത് കഴിച്ച, ഗൗണ്ടമണി ബാക്കിയുള്ള പഴത്തെ കറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ഇതിൽ ഏത് പഴത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു ഒടുവിലത്തെ കൺഫ്യൂഷൻ!
സമാനമായൊരു തമാശയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയായ ലൈഫ് മിഷൻ അഴിമതി കേസിലും ഉള്ളത്. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്ന സ്വപ്നയാണ് ഇടപാടിന് ചുക്കാൻ പിടിച്ചതെന്നാണ് ഇഡി കണ്ടെത്തൽ. അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്. ലൈഫ് മിഷൻ കേസിൽ ഇടപാടിന് ഒത്താശ ചെയ്ത സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഈ ചാറ്റുകളാണ് 'പഴം' ഏതെന്ന കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. സുപ്രധാന കാര്യങ്ങൾ എല്ലാം അറിയാമെന്നിടത്തെല്ലാം 'സിഎം' എന്ന ചുരുക്കപ്പേരാണ് ഉപോയിഗിച്ചിരിക്കുന്നത്. അതായത് കാര്യങ്ങൾ സിഎമ്മിന് അറിയാമെന്ന് ചാറ്റിൽ പറയുന്നു.
ജോലി ലഭിക്കുന്നതിൽ നിന്ന് തനിക്ക് തടസ്സമായേക്കാവുന്ന ചില കാര്യങ്ങളെ കുറിച്ച് പറയുമ്പോഴും മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും സ്വപ്ന പറയുമ്പോഴും 'സിഎം' എന്നാണ് പരാമര്‍ശിക്കുന്നത്. സ്വപ്ന പറയുന്ന 'സിഎം' മുഖ്യമന്ത്രിയാണോ അതോ സിഎം രവീന്ദ്രനാണോ എന്നതാണ് ചോദ്യം. എന്തായാലും ഈ 'സിഎം' പാര്‍ട്ടി പ്രതിരോധത്തിന് വലിയൊരു ആയുധമാകുമെന്നാണ് സംസാരം. ഇത്തരം ഏടാകൂടങ്ങളിൽ ചെന്ന് ചാടുമ്പോൾ രക്ഷപ്പെടാൻ സമാന രീതിയിൽ ഇനിഷ്യൽ ഉള്ള ഒരാളെ പേഴ്സണൽ സ്റ്റാഫിൽ വച്ചാൽ മതിയെന്നതാണ് സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾക്കുള്ള ഗുണപാഠം.
'ഹൗസാറ്റ്'
രാഷ്ട്രീയത്തിനും ക്രിക്കറ്റിനും പൊതുവായി ഒന്നുമില്ലായിരിക്കാം, പക്ഷെ തെഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ‘നമ്മ’ചിക്കമംഗളൂരുവിൽ ക്രിക്കറ്റ് ടൂർണമെന്റുകൾ കൂണുപോലെ മുളച്ചുയരുന്നത് വിചിത്രമായ യാദൃശ്ചികതയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്രിക്കറ്റ് ഗിയർ മാറ്റുന്നതിന് എവിടെ തട്ടണമെന്ന് പ്രദേശത്തെ യുവാക്കൾക്ക് നന്നായി അറിയാം. പാര്‍ടി ടിക്കറ്റ് മോഹികളായ പ്രാദേശിക നേതാക്കളെ അവര്‍ കണ്ടെത്തും. ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനായി അവരെ സമീപിക്കുകയും ചെയ്യും.
പരിപാടി ഉദ്ഘാടനം ചെയ്യാൻ നേതാവ് സമ്മതിക്കുന്ന നിമിഷം തന്നെ, ടൂർണമെന്റിന് ആവശ്യമായ ബാറ്റുകൾ, ബോളുകൾ ഹെൽമെറ്റുകൾ മുതലായവയുടെ എണ്ണമടങ്ങുന്ന ഒരു ലിസ്റ്റ് യുവാക്കൾ കൈമാറും. കാര്യം ലളിതമാണ്, പരിപാടിയിൽ നേതാവിന് വേണ്ട പ്രചാരണം നല്ല ഉച്ഛത്തിൽ തന്നെ നൽകാമെന്ന ഉറപ്പുകൂടി യുവാക്കൾ നൽകും. പക്ഷെ അടുത്തിടെ ഒരു സംഭവമുണ്ടായി, പരിപാടി സ്പോൺസർ ചെയ്ത പ്രാദേശിക നേതാക്കൾ എത്തിയപ്പോഴാണ് ഒരു കാര്യം കാണുന്നത്. തങ്ങളുടെ എതിരാളികളായ നേതാക്കളും അതാ വേദിയിലിരിക്കുന്നു. ഇരു നേതാക്കൾക്കും വേണ്ടി തൊണ്ടകീറി യുവാക്കൾ മുദ്രാവാക്യം വിളിച്ചെങ്കിലും, യുവാക്കളുടെ ബൗളിങ്ങിൽ രണ്ടുപേരും കീഴടങ്ങയില്ലെന്നതാണ് വിവരം.
വിശ്വാസം, അതല്ലേ എല്ലാം
രാഷ്ട്രീയക്കാരുടെ നിര്‍ധനരായിരുന്ന അടുപ്പക്കാര്‍ അതിവേഗം പണക്കാരാവുന്നത് ഇപ്പോൾ നാടോടിക്കഥകൾ പോലെ ആയിരിക്കുന്നു. എന്നാലും വിശ്വാസത്തിൽ അടിയുറച്ച ഒരു കൊടുക്കൽ വാങ്ങൽ കൂട്ടുകെട്ടാണ് ഇതെന്ന് ഉൾക്കളികളിൽ ഭാഗമായവര്‍ക്കെല്ലാം അറിയാം. കർണാടകത്തിലെ മിക്ക നേതാക്കളുടെയും സ്വർണത്തിന്റെയും പണത്തിന്റെയും നിത്യ സ്രോതസ്സായി അറിയപ്പെടുന്ന നേതാവിന് അടുത്തിടെ നന്നായൊന്ന് കൈപൊള്ളി. ബെംഗളൂരുവിലെ മഗഡി റോഡിലെ ഒരു നേതാവിനാണ് അടി കിട്ടിയത്.
തന്റെ ഏറ്റവും വിശ്വസ്തനായ 'ട്രാൻസ്പോർട്ടറെ' കുറച്ച് പണവും ആഭരണങ്ങളും ഏൽപ്പിച്ചിരുന്നു. എന്നാൽ പണവും സ്വർണവും ലക്ഷ്യ സ്ഥാനം കണ്ടില്ല. ഈ ട്രാൻസ്‌പോർട്ടർ പൊടുന്നനെ അങ്ങ് അപ്രത്യക്ഷനായി. നേതാവിന്റെ സ്വന്തം സംഘം തെരച്ചിൽ നടത്തിയെങ്കിലും കക്ഷിയെ കണ്ടെത്താനായില്ല. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഇടപാട് അല്ലാത്തതിനാൽ പോലീസിൽ പരാതി പറയാൻ കഴിയില്ലെന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. ഒടുവിൽ ഗതികെട്ട് പൊലീസിനെ തന്നെ സമീപിച്ചു. ഏമാൻമാര്‍ വൈകാതെ കക്ഷിയെ പൊക്കി മുന്നിലിട്ടുകൊടുത്തു. പക്ഷെ കഷ്ടകാലമെന്ന് പറയട്ടെ, വലിയൊരു പങ്ക് പണം അപ്രത്യക്ഷമായി. പണവും വിലപിടിപ്പുള്ള ഇത്തരം വസ്തുക്കളും ആവശ്യക്കാര്‍ക്ക് എത്തിക്കാൻ പുതിയ തന്ത്രം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നാണ് ഇപ്പോൾ നേതാവിന്റെ പക്ഷം. വിശ്വാസം, അതല്ലേ എല്ലാം...
കുക്കറിൽ വേവുന്ന വോട്ട്
തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യമായി കുക്കറുകൾ വിതരണം ചെയ്യുന്നത് ഒരു പുതിയ രീതിയൊന്നുമല്ല, എന്നാൽ ഇങ്ങനെ വിതരണം ചെയ്തവ അടുപ്പിൽ വയ്ക്കുമ്പോൾ തന്നെ പൊട്ടിത്തെറിക്കാൻ തുടങ്ങിയാലോ?!. സംഭവം പലയിടത്തും പതിവായി, പരിഭ്രാന്തിയുടെ ഒടുക്കം 'കുക്കർ ബോംബുകൾ' വേണ്ടെന്ന് വളരെ എളിമയോടെ പറയാൻ വോട്ടര്‍മാര്‍ തീരുമാനിച്ചുവെന്നതാണ് കാര്യം. കുക്കറുകളിൽ കൂടുതലും ചെറിയ വിലയ്ക്ക് നിർമ്മാതാക്കളിൽ നിന്ന് കൂട്ടമായി വാങ്ങിക്കൂട്ടിയവയാണ്. ഇവ വിതരണം ചെയ്യാൻ കുറുക്കുവഴി കണ്ടെത്താനും കഴിയുന്നില്ലെന്നതാണ് നേതാക്കളുടെ പ്രശ്നം. ഒടുവിൽ ആർകെ നഗറിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവ് ഒരു നൂതന ആശയം കൊണ്ടുവരികയാണ്. മറ്റൊന്നുമല്ല കുക്കര്‍ സുരക്ഷിതമാണെന്ന് അങ്ങ് 'സര്‍ട്ടിഫൈ' ചെയ്യുക'!,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam