സി പി എമ്മിലെ റിസോര്‍ട്ട് വിവാദം പുതിയ തലത്തിലേക്ക്
കേരളത്തിലെ സി പി ഐ എമ്മില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച നേതാക്കളുടെ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും ഭരണമുന്നണിയായ എല്‍ ഡി എഫിന്റെ കണ്‍വീനറുമായ ഇ പി ജയരാജനും ഭാര്യയ്ക്കും പങ്കാളിത്തമുള്ള കണ്ണൂരിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സി പി ഐ എം സംസ്ഥാന കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വിഷയത്തിലാണ് പുതിയ വഴിത്തിരിവ്. ഈ വിഷയം മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കൈഴുകിയെങ്കിലും സംഭവം അന്വേഷിക്കുന്നതിന് പോളിറ്റ് ബ്യൂറോ അംഗമടക്കം ഉള്‍പെടുന്ന കമ്മിഷന്‍ വരാനാണ് സാധ്യത. സംസ്ഥാനത്തെ അതിശക്തരായ സി പി ഐ എം നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയ വിഷയമായതിനാല്‍ അന്വേഷണവും കണ്ടെത്തലും നടപടിയുമൊക്കെ കേരളരാഷ്ട്രീയത്തെ ഇളക്കിമറിക്കും.
നാളുകളായി സിപിഎമ്മിനെ പിടിച്ച് കുലുക്കുന്ന ആരോപണത്തില്‍ നിര്‍ണായക ചര്‍ച്ച നടന്നത് ഇന്നലെയാണ്. സംസ്ഥാന സമിതിയോഗത്തില്‍ അക്ഷരാര്‍ഥത്തില്‍ ഇപി ജയരാജന്‍ പൊട്ടിത്തെറിച്ചു. താനാരെയും വ്യക്തിപരമായി എതിര്‍ത്തിട്ടില്ലെന്ന് പി ജയരാജനും പറഞ്ഞതോടെ രംഗം വഷളായി. എങ്കില്‍ നിജസ്ഥിതി അറിയാനായി അന്വേഷണം നടത്താമെന്ന് പാര്‍ട്ടി തീരുമാനിച്ചു. പിബിയുടെ അംഗീകാരത്തിന് വിധേയമായി അന്വേഷണ കമ്മീഷനെ ഉടന്‍ തീരുമാനിക്കും. അങ്ങനെ വരുമ്പോള്‍ വാദി പ്രതിയാകാനും സാധ്യതയുണ്ട്. കാരണം, പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലത്താണ് റിസോര്‍ട്ട് നിര്‍മാണം നടന്നത്. എല്ലാ വിവരങ്ങളും പാര്‍ട്ടിക്കറിയാമായിരുന്നു. അല്ലെങ്കില്‍ അറിയാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ടായിരുന്നു. അതൊന്നും ഉപയോഗിക്കാതെയാണ് ഇപ്പോള്‍ അദ്ദേഹം ആരോപണമുന്നയിക്കുന്നത്. ഈ ആംഗിളില്‍ പാര്‍ട്ടി ഏതെങ്കിലും നിഗമനത്തില്‍ എത്തിയാല്‍ കളി മാറും. അങ്ങനെയെങ്കില്‍ ഇങ്ങനെ പി ജയരാജന്‍ കുടുങ്ങാനും സാധ്യതയുണ്ട്.
വിഷം ചീറ്റുന്ന 'നേതാജി'
അദ്ദേഹത്തിന്റെ കൈകൾ ട്വിറ്റർ ചലിപ്പിച്ചപ്പോഴെല്ലാം സമാജ്വാദി പാർട്ടി തലവൻ കടുത്ത തണുപ്പിലും വിയർക്കുന്നതായിരുന്നു അനുഭവം. എന്നാൽ കുറച്ചുകാലം ചെറിയൊരു ആശ്വാസം 'പാർട്ടി അനുഭവിച്ചിരുന്നു. ബ്രാഹ്മണന്മാർക്കും പണ്ഡിറ്റുകൾക്കുമെതിരെ രാഷ്ട്രീയ വിഷം ചീറ്റിയതിന് കുറച്ചു ദിവസമായി കക്ഷി അകത്തായപ്പോഴായിരുന്നു അത്. എന്നാൽ എസ്പി നേതൃത്വത്തിൽ ആ ആശങ്ക വീണ്ടും തലപൊക്കുകയാണ്. റിലീസായി ഒരു ദിവസം തികയും മുമ്പ് നേതാക്കൾക്ക് നിന്ന് വിയർക്കാനുള്ള ബോംബുമായി അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്. ഔദ്യോഗിക ഹാൻഡിലുകൾ ഉപയോഗിച്ച് പണി തുടരുമോ എന്ന പേടിയിൽ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് കക്ഷിയെ മാറ്റിയിരുന്നു. എന്നാൽ സ്വന്തം ഹാൻഡിലിൽ അദ്ദേഹം ജാതീയമായ ഊഹാപോഹങ്ങളുമായി എത്തിയിരിക്കുകയാണ്. എന്തായാലും കക്ഷിയുടെ ചിറകുകൾ അരിയപ്പെടാനുള്ള സമയം അടുത്തുവെന്നാണ് അടക്കംപറച്ചിലുകൾ.
ഒടുവിലത്തെ അടവ്
'ബെഹൻജി'യുടെ അപ്രതീക്ഷിത ഗൂഗ്ലിയിൽ പതറിയ അഖിലേഷ് യാദവ് രാഷ്ട്രീയ ഗാലറി അനുകൂലമാക്കാനുള്ള ആയുധം പുറത്തെടുത്തു. 'ഞാൻ ശുദ്രനാണ്' എന്ന കുറിപ്പുമായി പുറത്തിറക്കിയ പോസ്റ്ററായിരുന്നു അത്. രാമചരിതമനസുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അഖിലേഷിന്റെ നീക്കം. എന്നാൽ പോസ്റ്റർ ബോയിയുടെ നീക്കം അധികനേരം ലൈം ലൈറ്റിൽ നിന്നില്ല. അംബേദ്കറിനെയും ഭരണഘടനയെയും കൂട്ടുപിടിച്ചായിരുന്നു 'ബഹൻജി'യുടെ പ്രത്യാക്രമണം. ചാതുർവണ്യത്തിന്റെ കാലം കഴിഞ്ഞുവെന്നും ഭരണഘടന അവർക്ക് കൃത്യമായ വർഗീകരണം കൽപ്പിച്ചിട്ടുണ്ടെന്നും 'ബെഹൻജി' അഖിലേഷിനെ ഓർമിപ്പിച്ചു. ഈ അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ പകച്ചുപോയ അഖിലേഷ്, വൈകാതെ പലതവണ പരീക്ഷിച്ച പ്രതിരോധം പുറത്തെടുത്തു ബിജെപിക്ക് പോലും ദഹിക്കാത്ത കാര്യമെങ്കിലും, 'ബെഹൻജി'യെ അവരുടെ സ്നേഹിതയാണെന്ന് ഒരിക്കൽ കൂടി അങ്ങ് കാച്ചി.
തന്നോളം വളർന്നാൽ, പിന്നെയും വളർന്നാലോ?
പിതാവിന്റെ ശബ്ദത്തിന് ഭരത്പൂരിനെ മാത്രമല്ല രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലും ഇളക്കിമറിക്കാനുള്ള കരുത്ത് ഇപ്പോഴുമുണ്ട്. പക്ഷെ രാഷ്ട്രീയ കളിക്കളത്തിലെ രാജാവായി അദ്ദേഹത്തെ സ്വന്തം മകൻ കാണുന്നില്ല എന്നതാണ് ഇവിടത്തെ കാര്യം. അടുത്ത തെരഞ്ഞെടുപ്പിൽ 'പൈലറ്റ്' സീറ്റിൽ എത്തുമെന്ന പ്രതീക്ഷയുമായി ഇരിക്കുന്ന യുവരക്തത്തിനുള്ള പിന്തുണ ഈ മകനും ഭാര്യയും പലപ്പോഴായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛൻ ഗെഹ്ലോട്ട് സർക്കാറിൽ മന്ത്രിയായതൊന്നും ഗുജ്ജർ നേതാവുമായി കൈകോർക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല. അദ്ദേഹം ഈയിടയ്ക്ക് പങ്കുവച്ച ട്വീറ്റിലും അച്ഛനും മുഖ്യമന്ത്രിക്കും താൽപര്യമില്ലാത്ത ആ വ്യക്തിയെ നേരിട്ട് പരാമർശിച്ചുള്ള പുകഴ്ത്തലുകളായിരുന്നു. 'ഒരു കാട്ടിൽ ഒരു സിംഹം മാത്രമേ ഉള്ളൂ... അത് ആരാണെന്ന് എല്ലാവർക്കും അറിയാം'- എന്നായിരുന്നു അത്. 'വിളക്കിന് താഴെ അന്ധകാരം ഉണ്ട്' എന്നാണ് മകന്റെ ഈ നിലപാടുകളെ കുറിച്ച് കോൺഗ്രസ് പ്രവർത്തകരുടെ അടക്കം പറച്ചിലെന്നാണ് സംസാരം.
പാളംതെറ്റിയ യാത്ര
തന്നോട് അനിഷ്ടം കാണിച്ച കൌൺസിലർമാരെ അനുനയിപ്പിക്കാൻ രാജസ്ഥാനിലെ ഒരു ശക്തയായ വനിതാ മേയർ ഒരു യാത്ര തീരുമാനിച്ചു. ബെംഗളൂരുവിലും ഊട്ടിയിലും കറക്കി പിണക്കമൊക്കെ മാറ്റി വരാമെന്നായിരുന്നു മേയറുടെ പദ്ധതി. എന്നാൽ പ്ലാനിങ്ങിൽ ചെറിയ വീഴ്ച മേയർക്ക് പറ്റി. അവസാന നിമിഷം യാത്ര ഒഴിവാക്കേണ്ടി വന്നു. ഇത്തിരി അഹങ്കാരത്തോടെയുള്ള പെരുമാറ്റവും മനോഭാവവുമാണ് സഹപ്രവർത്തകരായ കൌൺസിലർമാരെ മേയറോട് ചൊടിപ്പിച്ചത്. സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുമായി വലിയ അടുപ്പമുള്ള മേയർക്ക് ഇത്തിരി അഹങ്കാരമൊക്കെ ആകാമല്ലോ... 100-ലധികം വാർഡുകളുള്ള കോർപ്പറേഷൻ രാജസ്ഥാനിലെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമാണ്. ഇവിടെയുള്ള പല കൌൺസിലർമാരും സഹകരിക്കാതെ വന്നതോടെയാണ് മാഡത്തിന് അപകടം മണത്തത്. അവരെ ഓക്കെയാക്കാൻ ബെംഗളൂരുവിലേക്കും ഊട്ടിയിലേക്കും യാത്ര കൊണ്ടുവാൻ തീരുമാനിച്ചു. പക്ഷെ അവസാന നിമിഷം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ ഇടങ്കോലിട്ടതോടെ 11 മണിക്കൂർ മാത്രം ബാക്കിനിൽക്കെ യാത്രയുടെ പാളം തെറ്റി. മുഖ്യമന്ത്രിയുടെ അനിഷ്ടം പിടിച്ചുവാങ്ങാൻ കാരണമായ, 'ടൂർ ടു ഊട്ടി' പദ്ധതി പ്രതിപക്ഷത്തിന് ചോർത്തി നൽകിയതിന് പിന്നിൽ കോൺഗ്രസ് കൌൺസിലർ തന്നെയെന്നാണ് സംസാരം.
'ചെന്നഗിദ്ദീര'
സാധാരണ തെരഞ്ഞെടുപ്പ് വേളയിലാണ് പ്രാദേശിക ഭാഷകളിൽ നേതാക്കൾ തപ്പിത്തടഞ്ഞ് സംസാരിച്ച് അഭിവാദ്യമർപ്പിക്കുകയും ആശംസ പറയുകയും ഒക്കെ ചെയ്യുന്ന കലാപരിപാടികൾ അരങ്ങേറാറുള്ളത്. അതൊരു പരമ്പരാഗത രീതിയായി ഉത്തരേന്ത്യൻ നേതാക്കൾ പിന്തുടരാറുള്ളതുമാണ്. എന്നാൽ അടുത്തിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ 'നമസ്കാര' എന്നുപറഞ്ഞ് അഭിവാദ്യം ചെയ്തു. ദില്ലിയിൽ പക്ഷെ ഇത് ഒരു ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. ഒരു പടികൂടി കടന്ന് 'ചെന്നഗിദ്ദീര' (എല്ലാം ശരിയായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു) എന്നുകൂടി പറഞ്ഞു. കേന്ദ്ര ബജറ്റിലെ റെയിൽവേ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വന്ന കന്നഡ പ്രയോഗത്തിൽ, അവിടെ എത്തിയ മാധ്യമപ്രവർത്തകരെല്ലാം ഒന്ന് അമ്പരന്നു എന്നതാണ് വാസ്തവം. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളുണ്ടാക്കിയ തിരിച്ചടി മറികടക്കാനാണോ ഈ കന്നട പ്രയോഗം എന്ന് സംശയിച്ചവരും ഉണ്ട്. ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള ശ്രമങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും കടുത്ത എതിർപ്പ് പരസ്യമായി രേഖപ്പെടുത്തിയിരുന്നല്ലോ. എന്തായാലും ദേശീയ നേതാക്കൾക്ക് കന്നഡ സ്നേഹം തുടങ്ങിയ സ്ഥിതിക്ക് ഒരു തമിഴ് 'വണക്കം' വൈകാതെ കേൾക്കാനായേക്കും.