രാജസ്ഥാനിൽ കണ്ണാടി നോക്കി ബിജെപി; അഖിലേഷിന്‍റെ ജയിൽ സന്ദർശനം, കേരളത്തിലെ ജയരാജ യുദ്ധത്തിൽ ജയം ആർക്ക്

Published : Jan 02, 2023, 05:31 PM IST
രാജസ്ഥാനിൽ കണ്ണാടി നോക്കി ബിജെപി; അഖിലേഷിന്‍റെ ജയിൽ സന്ദർശനം, കേരളത്തിലെ ജയരാജ യുദ്ധത്തിൽ ജയം ആർക്ക്

Synopsis

കണ്ണാടിയിൽ നോക്കി തങ്ങളിലാരാണ് കൂടുതൽ സുന്ദരൻ/സുന്ദരി എന്നറിയാനുള്ള തത്രപ്പാടിലാണ് നേതാക്കൾ. അണികളാകട്ടെ ഏത് നേതാവിനാണ് സൗന്ദര്യം കൂടുതലെന്ന് കണ്ടെത്തുന്ന തിരക്കിലും. ഒരു ദേശീയ നേതാവിന്റെ പ്രവചനമാണ് ഈ സൗന്ദര്യനോട്ടത്തിന് പിന്നിലെ കാര്യം. 

കണ്ണാടി, കണ്ണാടി, കണ്ണാടി എവിടെ? 

അക്ഷരാർത്ഥത്തിൽ രാജസ്ഥാൻ ബിജെപിയിൽ ഇപ്പോൾ മുഴങ്ങികേൾക്കുന്ന വാചകമിതാണ്! കണ്ണാടിയിൽ നോക്കി തങ്ങളിലാരാണ് കൂടുതൽ സുന്ദരൻ സുന്ദരി എന്നറിയാനുള്ള തത്രപ്പാടിലാണ് നേതാക്കൾ. അണികളാകട്ടെ ഏത് നേതാവിനാണ് സൗന്ദര്യം കൂടുതലെന്ന് കണ്ടെത്തുന്ന തിരക്കിലും. ഒരു ദേശീയ നേതാവിന്റെ പ്രവചനമാണ് ഈ സൗന്ദര്യനോട്ടത്തിന് പിന്നിലെ കാര്യം. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തിലെത്തുക ഒരു സുന്ദരമുഖമായിരിക്കും എന്നാണ് ആ നേതാവ് പ്രവചിച്ചത്. അന്ന് മുതൽ പേരും മുഖവും സൗന്ദര്യവും ഒത്തുനോക്കലാണ് രാജസ്ഥാനിലെ ബിജെപിക്കാർ. പിറുപിറുക്കലുകളിൽ ഉയർന്നുകേൾക്കുന്നത് ആ സുന്ദരപുതുമുഖം മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ മറികടക്കുന്നതാകുമോ എന്നതാണ്. അതോ ഈ മുഖം രാജസ്ഥാൻ രാജകുടുംബത്തിലെ മറ്റാരെങ്കിലും ആകുമോ എന്നും സംശയമുയരുന്നുണ്ട്. വിരോധാഭാ​സം എന്താണെന്ന് വച്ചാൽ ഇതിനോടകം തന്നെ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് വസുന്ധര രാജ സിന്ധ്യക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നതാണ്!

പ്രതിരോധം 

അതിനിടെ  മുഖത്തെ ചുറ്റിപ്പറ്റി  ഒരു വിവാദം രാജസ്ഥാനിലെ കോൺ​ഗ്രസിനുള്ളിൽ പുകയുന്നുണ്ട്. നേതാക്കളെല്ലാം തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് മുഖം തിരിച്ചുനിൽക്കുന്ന അവസ്ഥയാണ്. കോൺ​ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ഒരാളുടെ ഫോട്ടോയാണ് നിലവിലെ മുഖംതിരിക്കലിന് കാരണം. അയാൾ ഒരു ചോദ്യപേപ്പർ വിവാദത്തിലെ കുറ്റാരോപിതനായ വ്യക്തിയാണ്. ഉദയ്പൂരിൽ സർക്കാർ അധ്യാപകരെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിലാണ് ഇയാൾ കുറ്റാരോപിതനായിരിക്കുന്നത്. സംഭവത്തിൽ പൊലീസ്  അറുപതിലധികം പ്രതികളെ അറസ്ററ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കു വേണ്ടി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഇതിലൊരാളാണ് കോൺ​ഗ്രസ് നേതൃത്വവുമായി ഉന്നതബന്ധം പുലർത്തുന്ന മേൽപ്പറഞ്ഞ വ്യക്തി. 
 
ഈ വ്യക്തിയുടെ നിരവധി ഫോട്ടോകൾ പ്രചരിക്കുന്നുണ്ട്. അതിൽ ബിജെപി ഒരു രാഷ്ട്രീയ സാധ്യത കണ്ടെത്തുകയായിരുന്നു. കോൺ​ഗ്രസിനെ പൂട്ടാൻ യേ രിക്ഷ്താ ക്യാ കെഹ്ലാത്താ ഹേ പ്രചരണവും തുടങ്ങിക്കഴിഞ്ഞു. കുറ്റാരോപിതനൊപ്പമുള്ള പതിനഞ്ചോളം പ്രമുഖ കോൺ​ഗ്രസ് നേതാക്കളുടെ ഫോട്ടോയാണ് ബിജെപിയുടെ ആയുധം. കോൺ​ഗ്രസ് വെട്ടിൽവീണു കഴിഞ്ഞു എന്നതാണ് വാസ്തവം. 
 
ജയിലിലെ കഷ്ടപ്പാടുകൾ

ഉത്തർപ്രദേശിലെ ചോട്ടാ നേതാജി ആണ് അഖിലേഷ് യാദവ്. ജയിലുകൾ സന്ദർശിക്കൽ അദ്ദേഹത്തിന്റെ കാര്യപരിപാടികളിലെ പ്രധാന ഇനമാണ്.  
പോയ കാലത്തെ കുറ്റകൃത്യങ്ങളുടെ പേരിൽ അഖിലേഷ് യാദവിന്റെ പാർട്ടിയിലെ നിരവധി പ്രവർത്തകരാണ് ജയിലഴിക്കുള്ളിലായിരിക്കുന്നത്. അവരിൽ നല്ലമനസ്സ് വളർത്തിയെടുക്കാനും ബന്ധം നിലനിർത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം പര്യടനങ്ങൾ ജയിലിൽ കിടക്കുന്ന ഈ നേതാക്കൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ചോട്ടാ നേതാജി ജയിലിൽ ഒരാളെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, ആ തടവുകാരൻ ടാർ​ഗറ്റ് ചെയ്യപ്പെടുന്നതായി ആരോപണമുയർന്നിരിക്കുകയാണ്. 


                                                        
അടുത്തിടെ കാൺപൂർ ജയിലിൽ വെച്ച് അഖിലേഷ് തന്റെ എംഎൽഎമാരിൽ ഒരാളെ കണ്ടിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ആ എംഎൽഎയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വലിയ ബഹളവും നിലവിളിയുമുണ്ടായി. എന്നാൽ ഉത്തരവ് പെട്ടെന്ന് പുറത്തിറങ്ങി, ആർക്കും അത് തടയാൻ കഴിഞ്ഞില്ല. അഖിലേഷ് ഒരു മുൻ എംഎൽഎയുമായി നേരത്തെ ജയിലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തെയും മറ്റൊരു ജയിലിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇങ്ങനെ പോയാൽ,  ചോട്ടാ നേതാജി അടുത്ത തവണ കൂടിക്കാഴ്ച്ചയ്ക്ക് വിളിക്കുമ്പോൾ പലരും മാന്യമായ രീതിയിൽ നോ താങ്ക്സ് പറഞ്ഞ് ഒഴിവാകാനാണ് സാധ്യത!

ജയരാജയുദ്ധം

കേരളത്തിൽ സി പി എം നേതാക്കളായ ഇപി ജയരാജനും പി ജയരാജനും തമ്മിലുള്ള പരസ്യയുദ്ധത്തിന്റെ  ഒരാഴ്ച പിന്നിടുമ്പോള്‍ എല്ലാം കൊണ്ടും വിജയം ഇ പി ജയരാജന് തന്നെ. ഇ പി ജയരാജന്‍ ഇല്ലാതിരുന്ന സംസ്ഥാന സമിതിയോഗത്തിലാണ് പി ജയരാജന്‍ അദ്ദേഹത്തിനെതിരെ വെടി പൊട്ടിച്ചത്. സംഭവത്തിന്റെ ഗൗരവം വലുതായത്‌കൊണ്ട് തന്നെ വന്‍വാര്‍ത്തയായി. എഴുതി നല്‍കിയാല്‍ ആരോപണം അന്വേഷിക്കാമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പിന്നീട് എല്ലാ കണ്ണുകളും കണ്ണൂരിലേക്കായി. ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം നേതാക്കളെല്ലാം കണ്ണൂരില്‍ ഉണ്ടായിട്ടും മാധ്യമങ്ങള്‍ ഇ പി ജയരാജനെ പൊതിഞ്ഞ് നിന്നു.

ഒരു കല്ല്യാണത്തിലും രണ്ട് പൊതുപരിപാടികളിലും ഇതിനിടെ ഇ പി ജയരാജന്‍ പങ്കെടുത്തു. മാധ്യമപ്പട എത്തിയെങ്കിലും വിവാദത്തെ കുറിച്ച് അദ്ദേഹം കമാന്ന് മിണ്ടിയില്ല. ഇതിനിടെ അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ പറയാനുളള കാര്യങ്ങള്‍ തയ്യാറാക്കി കരുതലോടെ നിന്നു. ഇതൊക്കെ താന്‍ എത്ര കണ്ടതാണെന്ന ഭാവമായിരുന്നു ഇപി ജയരാജന്. ഇതൊക്കെ വെറും ഉണ്ടയില്ലാ വെടിയാണെന്ന് അദ്ദേഹം തന്റെ  അടുപ്പക്കാരോട് പറയുകയും ചെയ്തു. ഒടുവില്‍ വെള്ളിയാഴ്ചത്തെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗത്തിനായി തീവണ്ടിയില്‍ അദ്ദേഹം തലസ്ഥാനത്തേക്ക് പുറപ്പെട്ടു.  അവസാന നിമിഷം വരെ പോകുമോ ഇല്ലയോ എന്ന ആകാംക്ഷ നിലനിര്‍ത്താനും ഇപി ശ്രമിച്ചു. റയില്‍വേ സ്റ്റേഷനില്‍ മാധ്യമങ്ങളോട്  ഇപി ജയരാജന്‍ സംസാരിച്ചത് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയാണ്.

തനിക്കൊന്നിനെയും പേടിയില്ലെന്ന പ്രതീതി ജനിപ്പിച്ചാണ് അദ്ദേഹം നിര്‍ണായക സെക്രട്ടേറിയറ്റിലെത്തിയത്.
പാര്‍ട്ടിക്ക് മുന്നില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. തനിക്ക് റിസോര്‍ട്ടില്‍ പങ്കാളിത്തമില്ല. മകനും ഭാര്യയും ഡയറക്ടര്‍മാരാണ്. രണ്ട് പേരും സ്വന്തം പണം മുടക്കിയാണ് റിസോര്‍ട്ടില്‍ പങ്കാളികളായത്. 12 വര്‍ഷമായി ബിസിനസ് ചെയ്യുന്ന മകനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ഷെയര്‍ എടുത്ത ഭാര്യയും പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ളവരല്ല. ഇപി യുടെ വിശദീകരണം സെക്രട്ടേറിയറ്റിന് ഏതാണ്ട് ബോധിച്ച മട്ടാണ്. എങ്കില്‍ പിന്നെ ഇക്കാര്യങ്ങള്‍ സി പി എം സംസ്ഥാന സമിതിയില്‍ കൂടി പറഞ്ഞേക്കു എന്നായി പാര്‍ട്ടി. അങ്ങനെ അടുത്ത സംസ്ഥാനസമിതിയിലേക്ക് വിഷയം മാറ്റി.

സംസ്ഥാന സമിതിയിലും ഇപി ജയരാജന്‍ ഇക്കാര്യം പറയും. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനായില്ലെങ്കില്‍ പി ജയരാജന്റെ ബോംബ് ചീറ്റിപ്പോകാനാണ് സാധ്യത. പ്രത്യേകിച്ച് ഇപി ക്കെതിരായ കലാപത്തിന് പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ പിന്തുണ കിട്ടാനിടയില്ലാത്ത സാഹചര്യത്തില്‍. ഇനി ആരോപണമുന്നയിച്ച പി ജയരാജന്‍ കുറ്റക്കാരനാകുമോ എന്ന സംശയമുണ്ട്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗത്തിനെതിരെ വെറുതെ ആരോപണമുന്നയിക്കരുതല്ലോ. പക്ഷേ പി ജയരാജനും ചില്ലറക്കാരനല്ല. കാത്തിരുന്ന് കാണാമെന്നേ ഇപ്പോള്‍ പറയാനാകൂ.

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ