
രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.
പണി ഫേസ്ബുക്ക് പേജ് വഴി!
പാര്‍ട്ടി രഹസ്യങ്ങള്‍ സ്വന്തം സൈബര്‍ ഇടങ്ങള്‍ വഴി പുറത്തുവരുന്നതിന്റെ തലവേദനയിലാണ് സിപിഎം ഇപ്പോള്‍. തമ്മിലടി മുറുകുന്ന മുറയ്ക്ക് ചിലര്‍ക്ക് പണികൊടുക്കാന്‍ പാര്‍ട്ടിവക സോഷ്യല്‍ മീഡിയാ പേജുകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ പുറത്തുവരുന്നത് പുതിയ കഥകളാണ്.
ഉദാഹരണമായി ആലപ്പുഴയില്‍നിന്നുള്ള 'ചെമ്പട കായംകുളം', 'കായംകുളത്തിന്റെ വിപ്ലവം' എന്നീ ഫേസ്ബുക്ക് പേജുകള്‍ എടുക്കാം. ബി കോം പാസാവാത്ത എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം വ്യാജ സര്‍ടിഫിക്കറ്റുണ്ടാക്കി, പാര്‍ട്ടി നേതാവിന്റെ ശുപാര്‍ശയില്‍ എം കോം പ്രവേശനം നേടിയതടക്കമുള്ള കഥകള്‍ പുറത്തുവന്നത് പാര്‍ട്ടിക്കു വേണ്ടി സൈബര്‍ നിലങ്ങളില്‍ അടരാടാന്‍ പിറവിയെടുത്ത ഈ പേജുകളിലൂടെയാണ്. ഇതിലെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ പോയാണ് മാധ്യമങ്ങള്‍ വലിയൊരു തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ഇതു മാത്രമല്ല, ഭാര്യയെ തല്ലിയ നേതാവിനും നഗ്ന വീഡിയോ കോള്‍ ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗത്തിനും പണികൊടുത്തതും ഈ പേജുകള്‍ തന്നെയാണ്. സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ് എന്ന് സ്വയം അനുഭവിച്ചറിഞ്ഞതോടെ അണികള്‍ക്ക് സോഷ്യല്‍ മീഡിയാ ക്ലാസുകള്‍ നടത്താനുള്ള ആലോചനയിലാണത്രെ പാര്‍ട്ടി.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ലാസ് എടുക്കാനുള്ള തിരക്കിനിടയ്ക്കാണ് സ്വന്തം ഫേസ്ബുക്ക് പേജുകളില്‍നിന്നും പാര്‍ട്ടിക്ക് തന്നെ കട്ടപ്പണി കിട്ടിയത് എന്നതാണ് രസകരമായ വസ്തുത. എങ്ങനെ വാര്‍ത്ത നല്‍കണം, എന്താണ് ന്യൂസ് വാല്യു, വാര്‍ത്താ പ്രയോറിറ്റിയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെ, മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തൊക്കെ എന്നിങ്ങനെ വിഷയങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ലാസ് നടക്കുന്നത്. സൈബര്‍ സഖാക്കളുടെ കണ്ണുരുട്ടലിന് നിന്നുകൊടുക്കാത്ത മാധ്യമങ്ങള്‍ക്ക് പല തരത്തിലാണ് ശിക്ഷ. കള്ളക്കേസ് ചുമത്തല്‍, സൈബര്‍ ആക്രമണം, ഭീഷണികള്‍ എന്നിങ്ങനെ പല ദണ്ഡനരീതികളാണ്. എസ് എഫ് ഐ നേതാക്കളുടെ തട്ടിപ്പുകള്‍ വാര്‍ത്തയായതിനു പിന്നാലെയാണ് മാധ്യമങ്ങള്‍ക്കുള്ള ക്ലാസുകള്‍ തകൃതിയായത്.
ശിവതാണ്ഡവം
കര്‍ണ്ണാടകയിലെ ഡി കെ ശിവകുമാറിന്റെ കണ്ണ് ഇപ്പോള്‍ തെലങ്കാനയിലാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കളിപ്പാവയാക്കി നേരിട്ട് തെലങ്കാനയില്‍ ഇടപെടുകയാണ് ഡി കെ.
തെലങ്കാന കോണ്‍ഗ്രസില്‍ തമ്മിലടി കലശലാണ്. 2017-ല്‍ ടിഡിപി വിട്ടെത്തി സംസ്ഥാന അധ്യക്ഷനായി മാറിയ രേവന്ത് റെഡ്ഡിക്കെതിരാണ് ഒരു വിഭാഗം നേതാക്കള്‍. റെഡ്ഡിയുടെ സ്വന്തക്കാരനും രാഹുലിന്റെ വിശ്വസ്ഥനുമായ മാണിക്കം ടാഗോറിനാണ് ഇവിടെ ചുമതല. മാണിക്കത്തിനെതിരെ അടി തുടര്‍ന്നപ്പോള്‍ ഖാര്‍ഗെ ഇടപെട്ട് മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് മണിക് റാവു താക്കറെയ്ക്ക് സംസ്ഥാനത്തിന്റെ ചുമതല നല്‍കി. എന്നാല്‍, ഡി.കെ ഫാന്‍സായ തെലങ്കാന നേതാക്കള്‍ ഇതിനും എതിരാണ്.
രേവന്ത് റെഡ്ഡിയുടെ ബദ്ധവൈരി കോമതി റെഡ്ഡി വെങ്കട്ടറെഡ്ഡി എംപി ഈയിടെ ഡി.കെയെ വന്നുകണ്ടിരുന്നു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ശ്രമിച്ച് പരാജയപ്പെട്ട സഹോദരനെ തിരിച്ച് കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ഡി.കെയെ കരുവാക്കുകയാണ് കോമതി റെഡ്ഡി എന്നാണ് പാര്‍ട്ടിയിലെ പറച്ചില്‍.
ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി ശര്‍മിളയുമായി ഡി.കെ നേരിട്ട് കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. 2024-ല്‍ തെലങ്കാന പിടിക്കുകയാണ് ലക്ഷ്യം. ഹൈക്കമാന്‍ഡിനും ഖാര്‍ഗെയ്ക്കും മീതെ, തെലങ്കാനയില്‍ നേരിട്ട് ഇടപെടുന്ന ഡി.കെ, സംസ്ഥാന അധ്യക്ഷന്‍ റെഡ്ഡിക്കും ഹൈക്കമാന്‍ഡ് അയച്ച താക്കറെയ്ക്കും പാരയാവാനാണ് സാധ്യത.
അതേസമയം കര്‍ണാടകയില്‍...
2014 -ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂടുതല്‍ സീറ്റുനേടാം. ഇതിനുള്ള തന്ത്രങ്ങളിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലിക്കായ തന്ത്രങ്ങള്‍ തന്നെയാണ് ഇത്തവണയും തുരുപ്പുചീട്ട്. എം എല്‍ എ പോലുമല്ലാത്ത എന്‍ എസ് ബോസ്‌രാജുവിനെ ഹൈക്കമാന്‍ഡ് ഇടപെട്ട് ചെറുകിട ജലസേചന മന്ത്രിയാക്കിയത് ഈ വഴിക്കാണ്.
സീറ്റ് കിട്ടാതെ ബി.ജെ.പി വിട്ട ലക്ഷ്മണ സാവ്ദിയുടെ അത്താനി സീറ്റ് ബോസ്‌രാജുവിനെ ഉപയോഗിച്ച് പിടിക്കുകയാണ് തന്ത്രം. അതേ സമയം, ബെല്‍ഗാം, ചിക്കോടി, വിജയ്പൂര്‍ ലോക്‌സഭാ സീറ്റുകള്‍ പിടിക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി സാവ്ദിയ്ക്ക് നല്‍കിയത്. എന്നാല്‍, ഖാര്‍ഗെ ആവട്ടെ കലബുര്‍ഗി സീറ്റ് പിടിക്കാന്‍ മുന്‍ മന്ത്രി ബാബുറാവു ചിഞ്ചന്‍സൂരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കലബുര്‍ഗിയില്‍ കോലി, കബ്ബലിഗ സമുദായക്കാര്‍ക്കുള്ള സ്വാധീനമാണ് ഈ തന്ത്രത്തിനു പിന്നില്‍.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ലിംഗായത്ത് നേതാക്കളില്‍ വലിയ പ്രതീക്ഷ വെക്കാതെയാണ്, ഖാര്‍ഗെയും ഡി.കെയും നടത്തുന്ന ശ്രമങ്ങള്‍. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കള്‍ എങ്ങുമല്ലാതാവുന്ന ലക്ഷണമാണ് കാണുന്നത്.
കാറിനുള്ളില്‍ മന്ത്രിയല്ല!
രാഷ്ട്രീയ തമാശകള്‍ക്ക് കോണ്‍ഗ്രസുകാരെ കഴിഞ്ഞേ ആളുള്ളൂ. സാമ്പത്തിക തട്ടിപ്പു കേസില്‍ കെ. പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്, സംസ്ഥാനമെങ്ങും പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. അങ്ങനെ, ദേശീയപാത ഉപരോധിച്ച് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ഹരിപ്പാട്ടെ കോണ്‍ഗ്രസുകാരുടെ മുന്നിലേക്ക് ആ സ്‌റ്റേറ്റ് കാര്‍ വന്നത്. പൊലീസ് അകമ്പടിയോടെവന്ന സ്‌റ്റേറ്റ് കാര്‍ കണ്ടതും പ്രതിഷേധക്കാര്‍ ഉറപ്പിച്ചു, ഇതേതോ മന്ത്രി തന്നെ! കാറിനു മുന്നിലേക്ക് ചാടിവീണ് അവര്‍ മുദ്രാവാക്യം വിളി തുടങ്ങി. കാറിനുള്ളിലുള്ള 'മന്ത്രി' പുറത്തിറങ്ങി സുധാകരനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വിശദീകരിക്കണം എന്നായി പ്രതിഷേധക്കാരുടെ ഡിമാന്‍ഡ്.
അന്നേരമാണ് അതു സംഭവിച്ചത്. കാറിനുള്ളില്‍ ലൈറ്റ് തെളിഞ്ഞു. വിന്‍ഡോയിലൂടെ, ചിരിക്കുന്ന ഒരു മുഖം പുറത്തേക്കു വന്നു! പ്രതിപക്ഷ നേതാവ് സാക്ഷാല്‍ വി ഡി സതീശന്‍! സതീശന്‍ ചിരിയോടെ പുറത്തിറങ്ങി പ്രതിഷേധക്കാരോട് സംസാരിച്ചു.
സതീശനിട്ട് പണിയാന്‍ പലവഴി നോക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമാണ് ഹരിപ്പാട് എങ്കിലും എല്ലാം യാദൃശ്ചികമാവാനാണ് സാധ്യത!
വിജയ് ഇറങ്ങുകയാണോ?
അവസാനം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണോ? ഏറെക്കാലമായി കേള്‍ക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരമാണോ ലോകേഷ് കനകരാജിന്റെ പുതിയ സിനിമയായ ലിയോയില്‍ വിജയ് തന്നെ ആലപിച്ച 'നാന്‍ റെഡി' എന്ന ഗാനം?
ഈ ചോദ്യങ്ങളാണ് തമിഴ്കത്തെ പുതിയ ചര്‍ച്ചാ വിഷയം. 'നാന്‍ വരവാ... ഇറങ്ങി വരവാ.. തനിയാ വരവാ' എന്നു തുടങ്ങുന്ന ഗാനം വെറുതെയല്ല എന്നാണ് ഫാന്‍സും നിരീക്ഷകരും കരുതുന്നത്. അതിനുള്ള കാരണങ്ങള്‍ പലതാണ്.
വിജയ് ഫാന്‍സ് മുമ്പൊരിക്കലുമില്ലാത്ത വിധം സജീവമാണിപ്പോള്‍. അവര്‍ ചെറുപ്പക്കാരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നു. വിജയ് അതിലെല്ലാം രാഷ്ട്രീയം സംസാരിക്കുന്നു.
10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗവും ചര്‍ച്ചയായിരുന്നു. 'നിങ്ങള്‍ ചരിത്രം പഠിക്കണം. അംബേദ്ക്കറെയും, കാമരാജിനെയും, പെരിയാറിനെയും പഠിക്കണം' എന്നാണ് അന്ന് താരം പറഞ്ഞത്. ''നിങ്ങള്‍ നാളെയുടെ വോട്ടര്‍മാരാണ്. ഒരിക്കലും നിങ്ങള്‍ പണം വാങ്ങി വോട്ട് കൊടുക്കരുത്.' എന്നും വിജയ് പറഞ്ഞു.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും വിജയിനെ ചെറുതായി കാണുന്നില്ല. 2021-ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ദലിത് സമുദായത്തെ പ്രതിനിധീകരിച്ച് സ്വതന്ത്രരായി മല്‍സരിച്ച വിജയ് ഫാന്‍സ്, മല്‍സരിച്ച 169 സീറ്റുകളില്‍ 115 സീറ്റ് നേടിയിരുന്നു.
ഈ സാധ്യത കണ്ടിട്ട് തന്നെയാണ് വി സി കെ നേതാവ് തിരുമാവളവന്‍ എം പി വിജയിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. സിനിമാ താരങ്ങള്‍ രാഷ്്രടീയത്തില്‍ ഇറങ്ങുന്നത് തമിഴ്‌നാടിന്റെ ശാപമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
2026 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് രംഗത്തിറങ്ങുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ആ 30 മിനിറ്റുകള്‍...
കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ ഈയടുത്ത് നടത്തിയ അര മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ കിളി പറന്നത്, രാജസ്ഥാന്‍ പാര്‍ട്ടിയില്‍ മാറ്റങ്ങളുടെ പൈലറ്റ് വാഹനമാവാന്‍ തയ്യാറെടുക്കുന്ന ഒരു യുവനേതാവിനാണ്. രാജസ്ഥാനിലെ ഏറ്റവും പ്രബലനായ കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദില്ലിയില്‍നിന്നുള്ള മുതിര്‍ന്ന നേതാവുമാണ് 30 മിനിറ്റ് ഒന്നിച്ചിരുന്നത്. വിമത നീക്കങ്ങള്‍ ഉടനടി അടിച്ചമര്‍ത്താനുള്ള നീക്കമണ് ഇതെന്നാണ് അഭ്യൂഹം.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും പാര്‍ട്ടി പിടിക്കാന്‍ കച്ചകെട്ടിയ യുവതുര്‍ക്കിയോട് പൊരുതുന്ന ഈ മുതിര്‍ന്ന നേതാവ്, കാഴ്ചയ്ക്ക് ഇപ്പോള്‍ കൂടുതല്‍ കോണ്‍ഫിഡന്റാണ്. ആ 30 മിനിറ്റിനുള്ളില്‍ എന്ത് തീരുമാനിച്ചെന്ന് വരുന്ന 30 ദിവസത്തിനകം അറിയാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam