
ദില്ലി: ലൈംഗിക ബന്ധത്തിൽ ഏർപ്പെടണോ എന്നതിൽ 16 വയസ്സ് പൂർത്തിയായവർക്ക് തീരുമാനമെടുക്കാമെന്ന് മേഘാലയ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് യുവാവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസും കോടതി റദ്ദാക്കി. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി കോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യം പരിഗണിച്ച കോടതി, കേസിനാസ്പദമായ സംഭവം ലൈംഗിക അതിക്രമമല്ലെന്നും വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിലേർപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ 16 വയസ്സ് പൂർത്തിയായ കൗമാര പ്രായക്കാർക്ക് മാനസികമായും ശാരീരികമായും കഴിയുമോയെന്ന് കോടതി പരിശോധിച്ചെന്ന് ജഡ്ജി ഡബ്ല്യു ദെയിങ്ദോ വ്യക്തമാക്കി. 16 വയസ്സായ ഒരാൾക്ക് ലൈംഗിക ബന്ധത്തിലേർപ്പെടണോ എന്ന് തീരുമാനിക്കാനുള്ള മാനസികവും ശാരീരികവുമായ പക്വതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്നും ജഡ്ജി വ്യക്തമാക്കി. വീട്ടുജോലിക്കാരനായ യുവാവ് അമ്മാവന്റെ വീട്ടിൽവെച്ചാണ് കാമുകിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സംഭവമറിഞ്ഞ പെൺകുട്ടിയുടെ അമ്മ യുവാവിനെതിരെ പരാതി നൽകുകയും പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.
പ്രലോഭനങ്ങളോ അക്രമമോ ഇല്ലാതെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് റദ്ദാക്കുന്നതെന്നും കോടതി വ്യക്തമാക്കി. പോക്‌സോ കേസുകളിൽ ഭൂരിഭാഗവും കൗമാരക്കാരുടെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതാണെന്നും മിക്കതും കൗമാരപ്രണയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നിയമത്തിൽ ഭേദഗതിയെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam