ഒരേസമയം 25 സർക്കാർ സ്‌കൂളുകളിലെ അധ്യാപിക, ഇന്നുവരെ കൈപ്പറ്റിയ ശമ്പളം ഒരു കോടി, ഒടുവിൽ തട്ടിപ്പ് പുറത്ത്

By Web TeamFirst Published Jun 5, 2020, 2:24 PM IST
Highlights

സംസ്ഥാനത്തെ അധ്യാപകരുടെ വിവരങ്ങളടങ്ങിയ ഒരു ഓൺലൈൻ ഡാറ്റബേസ് ഉണ്ടാക്കിയപ്പോഴാണത്രേ ഈ തട്ടിപ്പ് പുറത്തുവരുന്നത്. 


ലഖ്‌നൗ : ഇന്ന് പണ്ടത്തെപ്പോലല്ല കാര്യങ്ങൾ. കാര്യങ്ങളെല്ലാം തന്നെ ഒരു മൗസ് ക്ലിക്കിൽ അറിയാൻ കഴിയും. എന്നാൽ, ഉത്തർ പ്രദേശിൽ നിന്ന് പുറത്തുവന്നിരിക്കുന്ന ഒരു തട്ടിപ്പ് സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും സാങ്കേതികവിര്യയുടെ വെളിച്ചം എത്തിയിട്ടില്ല എന്നാണ്. തട്ടിപ്പുകൾ നിരവധി ഇന്നും നിർബാധം അരങ്ങേറുന്നുണ്ട് എന്നതിന്റെ ഒരു സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ അധ്യാപന തട്ടിപ്പ്. ഒരു പക്ഷേ, ഉത്തർപ്രദേശ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളിലേക്കുള്ള ഒരു ചൂണ്ടുപലക. 

തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന അനാമിക ശുക്ല എന്ന യുവതി, സംഭവം വെളിയിൽ വരുമ്പോൾ റായ് ബറേലിയിലെ കസ്തൂർബാ ഗാന്ധി ബാലികാ  വിദ്യാലയത്തിലെ മുഴുവൻ സമയ ശാസ്ത്ര അധ്യാപികയായിരുന്നു.  ഒരു ഡിപ്പാർട്ട്മെന്റ് തല അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത്, ഈ സ്ത്രീ ഒരേസമയം ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നത് പല ജില്ലകളിലുള്ള 25 സ്‌കൂളുകളിൽ നിന്നാണ് എന്നായിരുന്നു. അംബേദ്‌കർ നഗർ, ബാഗ്പത്, അലിഗഢ്, സഹാറൻപൂർ, പ്രയാഗ്‌‌രാജ് തുടങ്ങി പല ജില്ലകളിലെയും സർക്കാർ പ്രൈമറി സ്‌കൂളുകളുടെയും പേ റോൾ രജിസ്റ്ററിൽ ഈ യുവതിയുടെ പേരുണ്ടായിരുന്നു. ഇവിടെനിന്നൊക്കെ ഈ യുവതി ശമ്പളവും എഴുതിയെടുത്തിരുന്നു. 2020 ഫെബ്രുവരി   വരെയുള്ള പതിമൂന്നു മാസത്തിനിടെ ഈ യുവതിക്ക് സർക്കാർ നൽകിയ ആകെ ശമ്പളം ഒരു കോടി രൂപയിലധികമുണ്ട് എന്ന് ന്യൂസ് ഏജൻസിയായ IANS റിപ്പോർട്ട് ചെയ്യുന്നു.  

സംസ്ഥാനത്തെ അധ്യാപകരുടെ വിവരങ്ങളടങ്ങിയ ഒരു ഓൺലൈൻ ഡാറ്റബേസ് ഉണ്ടാക്കിയപ്പോഴാണത്രേ ഈ തട്ടിപ്പ് പുറത്തുവരുന്നത്. 'മാനവ സമ്പദ' എന്ന വെബ് പോർട്ടലിൽ ചേർക്കാൻ വേണ്ടി അധ്യാപകരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കപ്പെട്ടിരുന്നു. അതിൽ അധ്യാപകർ ജോലിക്ക് ചേർന്ന തീയതി, പ്രൊമോഷൻ, ബാക്കി വിവരങ്ങൾ എന്നിവ ചേർക്കപ്പെട്ടിരുന്നു. ഈ വിവരങ്ങൾ ഓൺലൈൻ ആയതോടെ, ഒരേ പേരിൽ ഈ യുവതി 25 സ്‌കൂളിൽ ജോലി ചെയ്യുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടു.

ഉത്തർപ്രദേശിലെ പ്രൈമറി സ്‌കൂൾ അധ്യാപകരുടെ അറ്റൻഡൻസ് തത്സമയം മോണിറ്റർ ചെയ്യപ്പെടുന്നുണ്ട് എന്ന സർക്കാരിന്റെ അവകാശവാദം നിലനിൽക്കെയാണ് ഇങ്ങനെ ഒരു വിചിത്രമായ, ഏറെക്കുറെ അവിശ്വസനീയമായ ഒരു തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.  കസ്തൂർബാ ഗാന്ധി ബാലികാ  വിദ്യാലയ അഥവാ KGBV പിന്നാക്ക വിഭാഗത്തിലെ പെൺകുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. ഇവിടെ നിന്ന് മാത്രം ഈ യുവതിക്ക് നല്കിക്കൊണ്ടിരുന്ന പ്രതിഫലം 30 ,000 -ൽ അധികമായിരുന്നു. 

പത്രവാർത്തകൾ പുറത്തുവന്നതിനെ വെളിച്ചത്തിൽ, ഡയറക്ടർ ജനറൽ ഓഫ് സ്‌കൂൾ എജുക്കേഷൻ വിജയ് കിരൺ ആനന്ദിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. എന്തായാലും, കള്ളി വെളിച്ചത്താകും എന്ന് സംശയം തോന്നിയ നിമിഷം മുതൽ ഈ ടീച്ചർ ഒളിവിൽ പോയിട്ടുണ്ട്. 

click me!