
ദില്ലി: ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡും ഉടൻ വിതരണം ചെയ്യാൻ സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. നാഷണൽ എയിഡ്സ് കണ്‍ട്രോൾ ഓര്‍ഗനൈസേഷന്‍റെ പട്ടിക അനുസരിച്ച് ഇതിനുള്ള നടപടികൾ സ്വീകരിക്കണം. അന്തസ്സോടെ ജീവിക്കുക എന്നത് ഭരണഘടനാ അവകാശമാണെന്ന് കോടതി പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങൾ ഒരുപോലെ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്‍റേയാണ് ഉത്തരവ്.
കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളില്‍ പരിഹാരം തേടി സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26ന് കേസ് പരിഗണിച്ച കോടതി ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യണം എന്ന് ഓഡര്‍ നല്‍കിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് പുതിയ കോടതി പരാമര്‍ശം.
നാഗേശ്വര റാവു, ബിആര്‍ ഗവായി, ബിവി നഗര്‍ത്തന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2011 ല്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രീംകോടതി ഓഡര്‍ ഉണ്ടെങ്കിലും അത് നടപ്പായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ദശകം മുന്‍പ് നല്‍കിയ നിര്‍ദേശം ഇപ്പോഴും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കാത്തതില്‍ ഒരു ന്യായീകരണവും ഇല്ലെന്ന് കോടതി പറഞ്ഞു.
രാജ്യത്തെ ഒരോ വ്യക്തിക്കും അവരുടെ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശമുണ്ട്. അതേ സമയം അവര്‍ക്ക് വേണ്ട പ്രഥമികമായ ആവശ്യങ്ങള്‍ നിറവേറ്റേണ്ടത് സര്‍ക്കാറിന്‍റെ കടമയാണ്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഇവര്‍ക്ക് നല്‍കാനുള്ള നീക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണം - കോടതി നിര്‍ദേശിച്ചു.
ഉത്തരവിന്‍റെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങള്‍ക്കും, ജില്ല തല ലീഗല്‍ സര്‍വീസ് അതോററ്റിക്കും അയച്ചു. ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ വ്യക്തികളുടെ വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒ ദര്‍ബാര്‍ മഹിള സമന്‍വയ കമ്മിറ്റിയാണ് ഈ ഹര്‍ജി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam