
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ദില്ലി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ജി എൻ സായിബാബയെയും കേസിൽ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസ് രോഹിത് ഡിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. എല്ലാവരെയും ഉടൻ ജയിൽ മോചിതരാക്കാനാണ് കോടതി ഉത്തരവ്.
2014 ലാണ് ജിഎൻ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു കുറ്റം. 2005 മുതൽ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ . കേസിൽ ജെ എൻ യു വിദ്യാർഥി അടക്കം 6 പേർ അറസ്റ്റിലായി. 2017 ൽ യു എ പി എ വകുപ്പുകൾ പ്രകാരം ഗച്ച് റോളിയിലെ സെഷൻസ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരിൽ ഒരാളായി പാണ്ടു നരോത്തെ H1N1 ബാധിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ വച്ച് മരിച്ചിരുന്നു.
പോളിയോ ബാധിച്ച് വീൽചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു. അർബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സായ് ബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിലാണ് ബോംബെ ഹൈക്കോടതി ഇപ്പോൾ കുറ്റവിമുക്തനാക്കുന്നത്. ഇത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ സർക്കാർ പിന്നാലെ സുപ്രീംകോടതിയിലെത്തി. നാളെ അവധി ദിനം ആയിട്ടും ഹർജിയിൽ പ്രത്യേക ബെഞ്ച് വാദം കേൾക്കാൻ തയ്യാറായി. നേരത്തെ കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam