
ദില്ലി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. ഹിമാചൽ പ്രദേശിലെ വോട്ടെടുപ്പ് നവംബറിൽ പൂർത്തിയാകുമെന്നാണ് സൂചന. ഗുജറാത്തിലെ വോട്ടെടുപ്പ് ഒന്നിലധികം ഘട്ടങ്ങളിലായി ഡിസംബറിൽ നടക്കും. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തും. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് എപ്പോഴുണ്ടാകും എന്ന സൂചനയും കമ്മീഷൻ വാർത്താസമ്മേളനത്തിൽ നല്‍കിയേക്കും.
തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മാറി മാറി അധികാരത്തിൽ വരുന്ന ചരിത്രമാണ് 2 പതിറ്റാണ്ടായി ഹിമാചല്‍ പ്രദേശിനുള്ളത്. ഇതുവരെ 6 തവണ കോൺഗ്രസ് അധികാരത്തിലെത്തി. മൂന്ന് തവണ ബിജെപിയും. 2017 ല്‍ ബിജെപിയുടെ സംസ്ഥാനത്തെ മുഖമായിരുന്ന പ്രേം കുമാർ ധൂമാല്‍ ഫോൺ ചോർത്തല്‍ വിവാദത്തില്‍പെട്ട് മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
അന്നുമുതല്‍ പ്രേം കുമാർ ധൂമാലിന്‍റെ നേതൃത്ത്വത്തില്‍ പാർട്ടിയില്‍ ഒരു വിഭാഗം ജയറാം താക്കൂറിനെതിരെ നീങ്ങുകയാണ്. 2021 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മണ്ടി ലോകസഭാ മണ്ഡലത്തിലും കോൺഗ്രസ് വിജയിച്ചു. ഇതോടെ ഭരണ വിരുദ്ധ വികാരം നേരിടുന്നതിനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങി. ഇത്തവണയും ജയറാം താക്കൂറിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി രണ്ടുമാസം മുമ്പേ പ്രചാരണം തുടങ്ങി. ഞായറാഴ്ച ധർമശാലയില്‍ റാലിയും നടത്തുന്നുണ്ട്. അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കോൺഗ്രസ് പ്രചാരണം തുടങ്ങി. ക്ഷേത്ര ദർശനത്തിനു ശേഷം സോളൻ ജില്ലയില്‍ പരിവർത്തന്‍ പ്രതിജ്ഞാ മഹാറാലിയിൽ പ്രിയങ്ക പങ്കെടുത്തു. ഗുജറാത്തിലെ പോലെ ഹിമാചലിലും ചില മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം കോൺഗ്രസിന് വെല്ലുവിളിയാകാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam