
ദില്ലി: ജി 20ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷവലയത്തില്‍ ദില്ലി. സുരക്ഷക്രമീകരണങ്ങളുടെ റീഹേൻഴ്സൽ പൂർത്തിയായി. എട്ടാം തീയ്യതി കർശനനിയന്ത്രണങ്ങളിലാകും നഗരമെന്ന് ദില്ലി പൊലീസ് അഡീ. സിപി ആർ. സത്യസുന്ദരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കര മുതൽ ആകാശം വരെ നീളുന്ന സുരക്ഷക്രമീകരണം. ദില്ലിക്ക് എത്തുന്ന ലോകനേതാക്കളുടെ സുരക്ഷയ്ക്ക് ദില്ലി പൊലീസ് മുതൽ എസ്പിജി വരെ സജ്ജമാണ്.
വിദേശ നേതാക്കൾക്കുള്ള അകമ്പടി വാഹനങ്ങളുടെ മുതൽ ഹോട്ടലുകളുടെ സുരക്ഷ ഉൾപ്പെടെ പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. ഉച്ചകോടി നടക്കുന്ന ന്യൂദില്ലി ജില്ലയിലെ ഒരോ മേഖലകളും കർശന നിരീക്ഷണത്തിലാണ്. സുരക്ഷ ജോലിക്കായി 130,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിൽ എൺപതിനായിരം പേർ ദില്ലി പൊലീസുകാരാണ്. ഒപ്പം സൈന്യവും കേന്ദ്രസേനയും. ഉച്ചകോടി ദിനങ്ങളിൽ ഗതാഗത നിയന്ത്രണം കർശനമായിരിക്കും. അടിയന്തര സേവനങ്ങൾക്ക് മാത്രം ന്യൂദില്ലിയിൽ പ്രത്യേക അനുമതി. ആൻറി ഡ്രോൺ സംവിധാനങ്ങൾ നഗരത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. സൈനിക ഹെലികോപ്റ്ററുകളുടെ എയർ പെട്രോളിങ് തുടങ്ങി. ഒപ്പം വിദേശരാജ്യങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥരും ദില്ലിയിൽ എത്തിക്കഴിഞ്ഞു.
സെപ്റ്റംബർ 9, 10, തിയ്യതികളിലാണ് ദില്ലിയില്‍ ജി20 യോഗം നടക്കുക. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി.
അതേസമയം, ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും വിട്ടു നിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.. ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത രൂക്ഷമാകുമ്പോഴാണ് ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങാകും പങ്കെടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം