
ദില്ലി: ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിലെത്തുമെന്ന് സൂചന. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പിന്നാലെ മറ്റ് നേതാക്കളും എത്തും. വിവിധ കേന്ദ്രമന്ത്രിമാർക്ക് നേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാൻ ചുമതല നൽകിയിട്ടുണ്ട്. നാളെയാണ് ഉച്ചകോടി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും.
Read More : Puthuppally By-election result LIVE: പുതുപ്പള്ളിയിൽ ഉറ്റുനോക്കി കേരളം! മനമറിയാം തത്സമയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
അതേസമയം ചൈനക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ദില്ലിയിലെ ടിബറ്റൻ സമൂഹം അറിയിച്ചിട്ടുണ്ട്. നാളെ ദില്ലിയിലെ മജ്നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന അനധികൃതമായി തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ചൈനീസ് പ്രതിനിധി സന്ദർശനം നടത്തുമ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്നും ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് വിവരിച്ചു. ദില്ലിയിൽ കനത്ത ജാഗ്രതയും ഗതാഗത നിയന്ത്രണവും തുടരുകയാണ്.