07:35 PM (IST) Sep 08

ഇടതു മുന്നണിയുടെ അസ്ഥിവാരം ഇളകിത്തുടങ്ങി: ചെന്നിത്തല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മേല്‍ക്കൂരയാണ് തെറിച്ചുപോയതെങ്കില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷത്തിന്റെ അസ്ഥിവാരം ആടിത്തുടങ്ങിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കപ്പിത്താനെ വച്ച് ഇനിയും മുന്നോട്ടുപോകണമോയെന്ന് ഇടതുപക്ഷം ആലോചിക്കണം. വികസനത്തിന്റെ മറവില്‍ ഖജനാവ് കൊള്ളയടിച്ച് സ്വന്തം കീശ വീര്‍പ്പിച്ചവര്‍ക്കുള്ള അതിശക്തമായ താക്കീത് കൂടിയാണ് പുതുപ്പള്ളിയിലെ തിളക്കമാര്‍ന്ന വിജയമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു

06:21 PM (IST) Sep 08

മണർകാട് സംഘർഷത്തിൽ അയവ്

മണർകാട് സംഘർഷത്തിന് അയവ്. യൂത്ത് കോൺഗ്രസ്‌, ഡി വൈ എവ് ഐ പ്രവർത്തകർ സ്ഥലത്ത് നിന്നു പിരിഞ്ഞു പോയി. എന്നാൽ പൊലീസ് സ്ഥലത്ത് തുടരുന്നുണ്ട്

05:04 PM (IST) Sep 08

ചാണ്ടി ഉമ്മന്‍റെ സത്യ പ്രതിജ്ഞ തീരുമാനിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്‍റെ സത്യ പ്രതിജ്ഞ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്

04:29 PM (IST) Sep 08

പുതുപ്പള്ളിയിലെ വിജയം ആഘോഷിച്ച് കെപിസിസി

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം നേതാക്കളും പ്രവര്‍ത്തകരും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കെപിസിസിയില്‍ ആഘോഷിച്ചു. ഫലപ്രഖ്യാപനം തുടങ്ങിയത് മുതല്‍ കെപിസിസി ആസ്ഥാനത്തേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. അനുനിമിഷം ചാണ്ടി ഉമ്മന്റെ ലീഡ് വര്‍ധിക്കുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍ തുടങ്ങിയവര്‍ യുഡിഎഫിന്റെ കെപിസിസി ആസ്ഥാനത്തെ വിജയാഹ്ലാദത്തിന് നേതൃത്വം നല്‍കി

03:38 PM (IST) Sep 08

'വിധി'ക്ക് പിന്നാലെ മണർകാട് യൂത്ത് കോൺ​ഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺ​ഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം. ഇരു വിഭാ​ഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിൽക്കുകയാണ്. പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.എന്നാൽ യൂത്ത് കോൺഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നാണ് സി പി എം പ്രവർത്തകരുടെ ആരോപണം.

02:48 PM (IST) Sep 08

വിധി അംഗീകരിക്കുന്നു, വോട്ട് കുറഞ്ഞത് പരിശോധിക്കും: എംവി ​ഗോവിന്ദൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വോട്ടു കുറഞ്ഞത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു

02:45 PM (IST) Sep 08

പുതുപ്പള്ളി വിജയം എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സുധാകരൻ

പുതുപ്പള്ളി വിജയം എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് കോൺഗ്രസ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. അവർ തന്നതല്ല. ഞങ്ങൾ പിടിച്ച് വാങ്ങിയതാണ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഇടത് പക്ഷത്തോടുള്ള വെറുപ്പാണ് പുതുപ്പള്ളിയിൽ വ്യക്തമായത്. ഭരിച്ച് ഭരിച്ച് പിണറായി വിജയവും എൽഡിഎഫും ഈ കൊച്ചു കേരളത്തെ കുട്ടിച്ചോറാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

02:43 PM (IST) Sep 08

ചാണ്ടി ഉമ്മന് അഭിനന്ദനിച്ച് സുരേന്ദ്രൻ, വിജയ കാരണം 'സഹതാപ തരംഗവും ഭരണ വിരുദ്ധ വികാരവും'

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിനന്ദനങ്ങളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യു ഡി എഫ് വിജയത്തിന് പ്രധാന ഘടകമായത് സഹതാപ തരംഗമാണ്. പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ തരംഗം അടക്കം പ്രതിഫലിച്ചെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു

02:06 PM (IST) Sep 08

ഉമ്മൻ ചാണ്ടി അജയ്യൻ, മരണമില്ലാത്ത നേതാവ്-മറിയാമ്മ ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മകൻ വിജയത്തിൽ പ്രതികരിച്ച് മറിയാമ്മ ഉമ്മൻ രംഗത്ത്. ഉമ്മൻ ചാണ്ടി അജയ്യനെന്നും മരണമില്ലാത്ത നേതാവാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ജയത്തിൽ സന്തോഷമില്ല, ആശ്വാസം മാത്രം. വലിയ ദുഖത്തിലാണ് താൻ, ഇതിനിടയിൽ ലഭിച്ച ആശ്വാസമാണ് ഇത്. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വിടാതെ പിന്തുടർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും വ്യക്തിഅധിക്ഷേപങ്ങൾ 
ദുഃഖമുണ്ടാക്കിയെന്നും പറഞ്ഞ മറിയാമ്മ ഉമ്മൻ, വ്യക്തി അധിക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. മകന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു എന്നും മറിയാമ്മ ഉമ്മൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

01:28 PM (IST) Sep 08

'പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയം': ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്‍റെ വിജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്ന് ചാണ്ടി ഉമ്മൻ. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് വലിയ നന്ദിയെന്നും ചാണ്ടി പറഞ്ഞു.

01:20 PM (IST) Sep 08

ജനവിധി സ്വാഗതം ചെയ്യുന്നു, പുതുപ്പള്ളിയുടെ പുതിയ MLA യ്ക്ക് ഭാവുകങ്ങൾ നേർന്ന് ജെയ്ക്

ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയുടെ പുതിയ എം എൽ എയ്ക്ക് ഭാവുകങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇടതു വോട്ടുകൾ മുഴുവൻ കിട്ടിയില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ലെന്നും ജെയ്ക് കൂട്ടിച്ചേ‍ർത്തു

01:09 PM (IST) Sep 08

അന്തിമ ഫലം വന്നു, വിജയം 37719 വോട്ടിന്

പുതുപള്ളിയിലെ അന്തിമ ഫലം വന്നപ്പോൾ ചാണ്ടി ഉമ്മൻ്റെ വിജയം 37719 വോട്ടിന്. ആദ്യം മുതലെ വോട്ട് നിലയിൽ വമ്പിച്ച ലീഡ് നേടിയ ചാണ്ടി ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ചാണ്ടി ഉമ്മൻ 80144 വോട്ട് നേടിയപ്പോൾ ജെയ്കിന് 42425 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാർത്ഥി ലിജിനാകട്ടെ 6558 വോട്ട് കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

12:54 PM (IST) Sep 08

അപ്പയെ സ്നേഹിച്ചവരുടെ ജയം, ചാണ്ടി ഉമ്മൻ്റെ ആദ്യ പ്രതികരണം

പുതുപ്പള്ളിയിലെ ഗംഭീര വിജയം അപ്പയുടെ വിജയമാണെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ചവരുടെ ജയമാണ് ഇത്. നല്ലവരായ വോട്ടർമാർക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കും യു ഡി എഫ് മുന്നണിയിലെ ഘടക കക്ഷികൾക്കും ചാണ്ടി നന്ദി അറിയിച്ചു. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12:52 PM (IST) Sep 08

ജനഹിതം മാനിച്ച് പിണറായി രാജിവെക്കണം: ലീഗ്

പുതുപ്പള്ളി ജനഹിതം മാനിച്ച് പിണറായി രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബി ജെ പി വോട്ട് കോൺഗ്രസ് വാങ്ങുമെന്ന ഗോവിന്ദന്‍റെ പ്രസ്താവന മുൻകൂർ ജാമ്യമായിരുന്നുവെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറ‌ഞ്ഞു. ജനങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ജനവികാരത്തോടൊപ്പം ഒറ്റക്കെട്ടായി നിൽകാൻ യു ഡി എഫിലെ എല്ലാ കക്ഷികളും തയാറാകണമെന്നും സലാം ആവശ്യപ്പെട്ടു.

12:33 PM (IST) Sep 08

ദുഃഖത്തിലും സന്തോഷമെന്ന് മറിയാമ്മ

ദുഃഖത്തിലും സന്തോഷമെന്ന് മറിയാമ്മ ഉമ്മൻ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹമെന്നും പ്രതികരണം

12:16 PM (IST) Sep 08

ഇടതുപക്ഷ സർക്കാരിന് മുഖത്തേറ്റ അടിയെന്ന് ഉണ്ണിത്താൻ

പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരമാണ് കണ്ടതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. ഇടതുപക്ഷ സർക്കാരിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട ഉണ്ണിത്താൻ, ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്നും അഭിപ്രായപ്പെട്ടു

12:14 PM (IST) Sep 08

ചാണ്ടി ഉമ്മന് കൈ കൊടുത്ത് പുതുപ്പള്ളി

ചാണ്ടി ഉമ്മന് 36454 വോട്ടുകൾക്ക് വിജയിച്ചു

11:26 AM (IST) Sep 08

സി.പി.എം ജനങ്ങളിൽ നിന്ന് അകന്നുവെന്ന് കെ സി വേണുഗോപാൽ

ജനങ്ങൾ അംഗീകരിച്ച റിക്കാർഡ് ഭൂരിപക്ഷമാണ് പുതുപ്പള്ളിയിലെന്നും വിജയത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കെ സി വേണുഗോപാൽ. സർക്കാരിനെതിരെയുള്ള വികാരം ആണ് പുതുപ്പള്ളിയിലെ വിജയം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞുവെന്നും സി.പി.എമ്മിന്റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

11:17 AM (IST) Sep 08

ചാണ്ടി ഉമ്മന് ആശംസകൾ അറിയിച്ച് ഗവർണർ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് കുതിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാണ്ടി പിതാവിന്റെ പിന്തുടർച്ച നന്നായി കൊണ്ടുപോകുമെന്നു കരുതുന്നതായി ഗവർണ്ണർ പറഞ്ഞു.

11:15 AM (IST) Sep 08

പ്രതീക്ഷിച്ച വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

പുതുപ്പള്ളിയിൽ നേടിയത് പ്രതീക്ഷിച്ച വിജയമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഉമ്മൻ ചാണ്ടിയോട് ഉള്ള കടപ്പാടും സ്നേഹവും ആണ് ജനങ്ങൾ നൽകിയത്. ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപം ആയാണ് ചാണ്ടി ഉമ്മനെ ജനം കണ്ടത്. ഭരണ വിരുദ്ധ വികാരവും വൻ വിജയത്തിന് കാരണമായെന്നും സാദിഖലി ശിഹാബ് തങ്ങൾ.