
ദില്ലി: ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. 'ശുഭവാർത്ത അറിയിക്കുന്നു' എന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവായത്തിനായി കഠിനാധ്വാനം ചെയ്ത ഷെർപ, മറ്റ് മന്ത്രിമാർ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
"എനിക്കൊരു ശുഭ വാർത്ത ലഭിച്ചിരിക്കുകയാണ്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി, ദില്ലി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടിരിക്കുകയാണ്. ഈ പ്രഖ്യാപനം സ്വീകരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. ഈ അവസരത്തിൽ അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്‌ത എന്റെ ഷെർപ്പ, മറ്റ് മന്ത്രിമാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു" പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
യുക്രെയ്ൻ യുദ്ധം പരാമർശിച്ചാണ് ജി20 പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം നടത്തിയത്. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും പ്രഖ്യാപനത്തിൽ പറയുന്നു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്നും ജി 20 പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൊവിഡിന് ശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ യുദ്ധം ഇടയാക്കിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലും സംരക്ഷണ ചടങ്ങൾ ഉണ്ടാകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയത്തിലുണ്ട്. എല്ലാത്തിലും നൂറു ശതമാനം സമവായം എന്ന് ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി.
ജി20 ഉച്ചകോടി; സംയുക്ത പ്രഖ്യാപനം ചർച്ച ചെയ്ത് മോദിയും ബൈഡനും, യുക്രൈൻ പരാമർശിക്കുമോ ?
യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശത്തോടെയാണ് ജി20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം കുറിച്ചത്. കൊവിഡ് ഭീഷണി മറികടന്നതു പോലെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടായി പരിഹരിക്കണമെന്ന് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തിൽ മോദി നിർദ്ദേശിച്ചു. ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നല്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ഉച്ചകോടി അംഗീകരിച്ചു.
റഷ്യ യുക്രയിൻ സംഘർഷം ലോകത്തെ രണ്ട് ചേരികളിൽ നിറുത്തുമ്പോഴാണ് ഇക്കാര്യം പരാമർശിച്ചു കൊണ്ട് മോദി ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ റഷ്യൻ പ്രസിഡൻറിൻറെ അഭാവത്തിൽ നടക്കാനിടയില്ല. എന്നാൽ ഇക്കാര്യതതിൽ ആലോചനകൾ ഉണ്ടാകണം എന്ന സന്ദേശമാണ് മോദി നൽകിയത്. ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ ലോകം ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ആഫ്രിക്കൻ യൂണിയന് ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ ജി20 അംഗത്വം നല്കി
രാവിലെ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ യുഎസ് പ്രസിഡൻറ് ജോബൈഡൻ ഉൾപ്പടെയുള്ള നേതാക്കളെ നരേന്ദ്ര മോദി സ്വീകരിച്ചു. സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയിദ് അൽനഹ്യാൻ, യുകെ പ്രധാനമന്ത്രി റിഷി സുനക്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് തുടങ്ങി 30 രാഷ്ട്രനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വൺ എർത്ത്, വൺ ഫാമിലി എന്നീ വിഷയങ്ങളിലുള്ള സെഷനാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ജി20 നേതാക്കൾക്ക് അത്താഴവിരുന്ന് നല്കും.
ജി20 നേതാക്കള്‍ക്ക് അപൂർവ്വ കമലം സമ്മാനിക്കാന്‍ മോദി; അറിയാം പ്രത്യേകതകള്‍!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam