
ദില്ലി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിമാരുടെ യോഗവും അലസിപിരിഞ്ഞതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ഉച്ചകോടി ലക്ഷ്യം കാണാതെ പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം അലസിപ്പിരിഞ്ഞിരുന്നു. ജി20 അധ്യക്ഷനും ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദിയുടെ സമാധാന ആഹ്വാനം തള്ളിക്കൊണ്ടാണ് രാജ്യങ്ങൾ കൊമ്പുകോർത്തത്. ബംഗലുരുവിൽ നടന്ന ജി 20 ധനമന്ത്രിമാരുടെ യോഗവും സമവായത്തിലെത്തിയിരുന്നില്ല.
ഇന്നലെയാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ രണ്ടാമത്തെ യോഗം നടന്നത്. റഷ്യ, അമേരിക്ക, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലാണ് യോഗം നടന്നത്. എന്നാൽ യുക്രെയ്ൻ യുദ്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യോഗം അലസി.
നേരത്തെ ബെംഗുളൂരുവിൽ നടന്ന ജി20 ധനമന്ത്രിമാരുടെ യോഗത്തിൽ റഷ്യ - യുക്രൈൻ യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതിലെ അഭിപ്രായ വ്യത്യാസമായിരുന്നു പ്രശ്നം. ഇതേ തുടർന്ന് യോഗം പ്രമേയം പാസാക്കാതെയാണ് പിരിഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യ ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam