ജി 20 ഉച്ചകോടി; ദക്ഷിണാഫ്രിക്കയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹിഷ്ക്കരണ തീരുമാനം തിരുത്തി യുഎസ്

Published : Nov 21, 2025, 06:30 PM IST
Prime Minister

Synopsis

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയിൽ എത്തിയത്

ദില്ലി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഇന്ത്യൻ സമൂഹം മോദിക്ക് വൻ സ്വീകരണം നല്കി. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഉച്ചകോടിക്കെത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി നേരിട്ട് തന്നെ വിളിച്ചറിയിച്ചു എന്ന ട്രംപിന്‍റെ അവകാശവാദത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി റിലയൻസ് യുഎസ് ഉപരോധത്തെതുടർന്ന് നിറുത്തിവച്ചു.

ഉച്ചകോടിയില്‍ നിന്ന് മോദി മാറി നിന്നത് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാൻ യുദ്ധം നിറുത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിറുത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിന്‍റെ പുതിയ വാദം. യുദ്ധം നിറുത്തിയില്ലെങ്കിൽ 350 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയേയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് പറയുന്നു. ട്രംപിന്‍റെ വാക്കുകൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ട്രംപിനെ മോദി ആലിംഗനം ചെയ്യുന്ന പഴയ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത കോൺഗ്രസ് ഈ സൗഹൃദം ഇപ്പോൾ എവിടെ പോയെന്നും പരിഹസിച്ചു. ഇന്ത്യയുടെ 8 യുദ്ധ വിമാനങ്ങൾ തകർന്നു എന്ന ചൈനീസ് പ്രചാരണം യുഎസ് റിപ്പോർട്ടിൽ തള്ളിയത് ഉന്നയിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്. ചൈനയുടെയും പാകിസ്ഥാന്‍റെയും ആരോപണം ഏറ്റെടുത്ത രാഹുൽ ഗാന്ധിക്ക് ഇത് തിരിച്ചടിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങാൻ ഇന്ത്യ കഴിഞ്ഞ ദിവസം കരാർ ഒപ്പു വച്ചിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി റിലയൻസ് റിഫൈനറി ഇതിനിടെ നിറുത്തി വച്ചു. സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനായി എത്തിച്ചിരുന്ന ക്രൂഡ് ഓയിൽ വാങ്ങുന്നതാണ് വേണ്ടെന്ന് വച്ചത്. റഷ്യൻ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി നിറുത്തിയതെന്ന് റിലയൻസ് വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്