Latest Videos

കശ്മീർ വികസനം മന്ദ​ഗതിയിലായതിൽ ​ഗാന്ധി കുടുംബത്തിന് പങ്ക്; മുഫ്തികളും അബ്ദുള്ളകളും കുറ്റക്കാരെന്നും അമിത് ഷാ

By Web TeamFirst Published Oct 5, 2022, 4:33 PM IST
Highlights

കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം 'അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു-ഗാന്ധി' കുടുംബവുമാണെന്നാണ് അമിത് ഷായുടെ ആരോപണം. കശ്മീര്‍ ജനതയ്ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. 

ശ്രീന​ഗർ: ജമ്മു കശ്മീരിലെ  പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു കുടുംബങ്ങളാണ് കശ്മീരിൻ്റെ വികസനം തകർത്തതെന്നും അമിത് ഷാ ആരോപിച്ചു. 
  
കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം 'അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു-ഗാന്ധി' കുടുംബവുമാണെന്നാണ് അമിത് ഷായുടെ ആരോപണം. കശ്മീര്‍ ജനതയ്ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അഴിമതിയും  ദുര്‍ഭരണവും  വികസനമില്ലായ്മയുമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും അമിത് ഷാ വിമർശിച്ചു. ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കും.  രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി അവിടം മാറ്റും. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ല. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ ഇവിടേക്ക് എത്തുകയാണ്. കശ്മീരിൽ ടൂറിസം രം​ഗത്ത് കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.  ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ഉടനെന്നും അമിത് ഷാ പറഞ്ഞു. 

1990കള്‍ മുതല്‍ കശ്മീരില്‍ മാത്രം 42000 പേരാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. തീവ്രവാദം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ. ചിലര്‍ എപ്പോഴും പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ എനിക്കറിയേണ്ടത് പാക് അധീന കശ്മീരിലെ എത്ര ഗ്രാമങ്ങളില്‍ വൈദ്യുതി  ഉണ്ട്, അടിസ്ഥാന സൗകര്യങ്ങളുണ്ട് എന്നൊക്കെയാണ്. ചിലര്‍ പറയുന്നു  കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ചർച്ച നടത്തണണെന്ന്. എന്തിനാണ് ഇന്ത്യ പാകിസ്ഥാനുമായി ചർച്ച നടത്തുന്നത്? അത് നടക്കില്ല. പകരം ബാരാമുള്ളയിലേയും കശ്മീരിലേയുമെല്ലാം ജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കും. മോദി സര്‍ക്കാര്‍ ഭീകരവാദം അനുവദിക്കില്ല, അത് പൂര്‍ണമായും തുടച്ചുനീക്കും. അമിത് ഷാ പറഞ്ഞു. കശ്മീരില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മുകശ്മീരില്‍ ഇന്ന് രണ്ടാം ദിനമാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. 

ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരയിലെ സുരക്ഷയും അദ്ദേഹം  വിലയിരുത്തി. അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചു. എന്നാൽ മുഫ്തി വീട്ട് തടങ്കലിലല്ലെന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസിന്റെ പ്രതികരണം. 

Read Also: അമിത്ഷായുടെ സന്ദർശനത്തിനിടെ വീട്ടുതടങ്കലിലാക്കി, ആരോപണവുമായി മെഹബുബാ മുഫ്തി; നിഷേധിച്ച് പൊലീസ്

click me!