
മുംബൈ: പോത്തുകളെ ഇടിച്ചതിനെ തുടർന്ന് ഗാന്ധി നഗർ മുംബൈ വന്ദേഭാരത് ട്രെയിനിന് കേടുപാടുകൾ പറ്റി. ഗുജറാത്തിലെ മണിനഗറിനടുത്ത് വച്ച് രാവിലെ 11 മണിയോടെയാണ് സംഭവം. ട്രെയിനിന്‍റെ മുൻവശത്തെ പാളികൾ ഇളകി പോയി. മുൻ ഭാഗത്തുള്ള പാളികൾ ഇളകിമാറി ദ്വാരം രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ഇരുമ്പുകൊണ്ട് നിർമിച്ച ബോഡി ഭാഗങ്ങൾക്ക് കേടുപാടില്ല. ഇടിയുടെ ആഘാതത്തിൽ മുൻഭാഗത്തെ പാളികൾ ട്രാക്കിലേക്ക് ചെരിഞ്ഞുവീണ നിലയിലാണ്.
അതേസമയം ഉടനെ കേടുപാടുകൾ പരിഹരിച്ചെന്നും സർവീസുകളെ കാര്യമായി ബാധിച്ചില്ലെന്നും പശ്ചിമ റെയിൽ വേ അറിയിച്ചു. സെപ്തംബർ 30നാണ് മുംബൈ സെന്‍ട്രൽ ഗാന്ധി നഗർ വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതത്. ഒരു ബ്ലൈൻഡ് സ്പോട്ട് ഏരിയയിലൂടെ ട്രെയിൻ കടന്നുപോവുകയായിരുന്നു. 100 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ. ഫൈബർ കൊണ്ട് നിർമിച്ച ട്രെയിനിന്റെ മുൻ ഭാഗം തകരുകയായിരുന്നുവെന്ന് അധികൃതർ പ്രതികരിച്ചു. ട്രെയിനിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള യാതെരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് റെയിൽവെ വക്താവ് പറഞ്ഞു. തകർന്ന ഭാഗം മാറ്റി ഉടൻ തന്നെ ട്രെയിൻ യാത്ര തുടർന്നുവെന്നും കൃത്യസമയത്തുതന്നെ ഗന്ധിനഗറിൽ എത്തിയതായും അദ്ദേഹം അറിയിച്ചു.
Read more: വിമാനങ്ങളെ തോല്‍പ്പിക്കും നമ്മുടെ വന്ദേ ഭാരത് 2.0, എങ്ങനെയെന്നല്ലേ? ഇതാ അറിയേണ്ടതെല്ലാം!
ഗയ്റാത്പൂർ -വടവ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്. ട്രാക്കിനടുത്തുള്ള പ്രദേശത്ത് കന്നുകാലികളെ മേയാൻ വിടരുതെന്ന് പ്രദേശവാസികളെ ബോധവൽക്കരിക്കുമെന്നും റെയിൽവെ വക്താവ് വ്യക്തമാക്കി. സെപ്തംബർ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗാന്ധിനഗർ മുതൽ അഹമ്മദാബാദ് വരെയുള്ള ന്ദേഭാരത് എക്സപ്രസ് അഹമ്മദാബാദ് സ്റ്റേഷനിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യുകയുമുണ്ടായി. വിമാന തുല്യമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന ട്രെയിനാണ് വന്ദേ ഭാരത്. കവച് സാങ്കേതിക വിദ്യ ഘടിപ്പിച്ച ആദ്യ വന്ദേഭാരത് ട്രെയിനാണിത്. രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമാണ് കവച്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam