
ദില്ലി: രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ ഏഴ് പേർക്ക് സസ്പെൻഷൻ. ഇവരെ തമിഴ്നാട്ടിലേക്ക് മടക്കി അയക്കാനും തീരുമാനമായി. തില്ലുവിനെ സഹതടവുകാർ ആക്രമിച്ചപ്പോൾ വെറുതെ നോക്കിനിൽക്കുക മാത്രമാണ് ഈ പൊലീസുകാർ ചെയ്തതെന്നാണ് കണ്ടെത്തൽ. ദില്ലി ജയിൽ ഡിജിപി സഞ്ജയ് ബെനിവാൾ തമിഴ്നാട് പൊലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.
ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന്, തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയതായും തിഹാർ ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. 'അവരെ സസ്പെന്റ് ചെയ്യുകയും തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്'. തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു. സസ്പെൻഷനിലായ ഏഴ് പേരും കൊലപാതകം നടന്ന എട്ടാം നമ്പർ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ജയിലിൽ സുരക്ഷാച്ചുമതല തമിഴ്നാട് സ്പെഷ്യൽ പൊലീസിന് കൂടിയാണ്.
ഈ സുരക്ഷാ ജീവനക്കാർക്ക് മുമ്പിൽ വച്ച് തില്ലു താജ്പുരിയക്ക് കുത്തേൽക്കുന്നത് സോഷ്യൽമീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുത്തേറ്റ ശേഷം ഇവർ തന്നെയാണ് അയാളെ എടുത്തുകൊണ്ടുപോയതും.
തിഹാർ ജയിലിൽ നിന്നുള്ള ഒരു സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്, താജ്പുരിയയെ കുത്തേറ്റ ശേഷം കൊണ്ടുപോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് ആക്രമിക്കപ്പെടുന്നതായി കാണിക്കുന്നു. അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ എതിർ ഗുണ്ടാ സംഘത്തിലെ നാല് പേർ ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് താജ്പുരിയയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ശേഷവും ഇയാൾക്ക് ജീവനുണ്ടായിരുന്നെന്നും ജയിൽ സുരക്ഷാ ജീവനക്കാർ എടുത്തു കൊണ്ടു പോകുന്നതിനിടെ പ്രതി രണ്ടാം തവണയും തില്ലുവിനെ ആക്രമിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണം തുടരുമ്പോഴും ഈ പൊലീസുകാർ നിശബ്ദരായി നിൽക്കുന്നതും വീഡിയോയിലുണ്ട്.
2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. രോഹിണി കോടതി വെടിവെപ്പിലേക്ക് നയിച്ചതും രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമായിരുന്നു. അന്ന് ജിതേന്ദർ ഗോഗി എന്ന ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടിരുന്നു. ഗോഗിയുടെ സംഘത്തിലെ അംഗങ്ങളാണ് തില്ലുവിനെ തിഹാർ ജയിലിൽ കൊലപ്പെടുത്തിയത്.
Read Also; സെല്ലിലെ ഗ്രില്‍ മുറിച്ച് തടവുകാര്‍, കൊടും ക്രിമിനലിനെ വെട്ടിയത് 100 തവണ, ജയിലില്‍ നടന്നത്!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam