
ദില്ലി: ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ സൂത്രധാരന്‍ ഗോൾഡി ബ്രാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇപ്പോള്‍ കാനഡയിൽ കഴിയുന്ന ഗോൾഡി ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിനെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ ഇയാൾ 2017ലാണ് കാനഡയിലേക്ക് കടന്നത്. നിലവില്‍ കാനഡയിലെ ബ്രാംപ്ടനിലാണ് ഗോൾഡി ബ്രാര്‍ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന നിരോധിത തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ഇയാള്‍ പ്രവര്‍ത്തനം നടത്തുകയാണ്.
ഇയാളും കൂട്ടാളികളും ചേര്‍ന്ന് പഞ്ചാബില്‍ സമാധാനവും സാമൂഹിക ഐക്യവും ക്രമസമാധാനവും തകര്‍ക്കാനുള്ള ഗൂഢാലോചന നടത്തുകയും വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഭീകരാക്രമണങ്ങളിലും കൊലപാതകങ്ങളിലും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ ഏര്‍പ്പെടുകയും ചെയ്തതായി വിജ്ഞാപനത്തിലുണ്ട്. ഇന്ത്യയില്‍ കൊലപാതകങ്ങള്‍ നടത്തുന്നതിന് വേണ്ടി ഉഗ്രശേഷിയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു.
കഴിഞ്ഞ വര്‍ഷം മേയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയിലുള്ള തന്റെ ഗ്രാമത്തില്‍ വെച്ചാണ് ഗായകന്‍ സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ വെച്ച് വെടിയേറ്റായിരുന്നു മരണം. പിന്നീട് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗോള്‍ഡി ബ്രാര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് ഗോള്‍ഡി ബ്രാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...