കൊവിഷീൽഡ് ഡോസുകളുടെ ഇടവേള; വീണ്ടും കുറയ്ക്കാൻ ആലോചിച്ച് കേന്ദ്ര സർക്കാർ

By Web TeamFirst Published Jun 16, 2021, 12:22 PM IST
Highlights

യുകെ ഇടവേള കുറച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും മാറ്റങ്ങൾക്ക് വീണ്ടും ആലോചിക്കുന്നത്. ഇടവേള കുറയ്ക്കുന്നത് ഡെൽറ്റ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു എന്നാണ് യുകെയിലെ പഠനത്തിൽ വ്യക്തമായത്.

ദില്ലി: കൊവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള ചില വിഭാഗക്കാർക്ക് കുറയ്ക്കാൻ ആലോചിച്ച് കേന്ദ്ര സർക്കാർ. യുകെയിൽ നടന്ന പഠനങ്ങളിൽ ഇടവേള കുറയ്ക്കുന്നത് ഡെൽറ്റ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്. ഇതിനിടെ ഡോസിന് 150 രൂപ നിരക്കിൽ വാക്സീനുകൾ നല്‍കുന്നത് തുടരാനാവില്ലെന്ന് ഭാരത് ബയോടെക്കും സിറം ഇൻസ്റ്റിറ്റ്യൂട്ടും കേന്ദ്ര സർക്കാരിനെ അറിയിച്ചു.

കൊവിഷീൽഡും കൊവാക്സിനും ഇന്ത്യയിൽ വിതരണം തുടങ്ങിയപ്പോൾ രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്കും എട്ടാഴ്ചയ്ക്കും ഇടയിൽ സ്വീകരിക്കണം എന്നായിരുന്നു നിർദ്ദേശം. പിന്നീട് കൊവിഷീൽഡിന് ഈ ഇടവേള 12 മുതൽ 16 ആഴ്ച വരെയാക്കി. എന്നാൽ യുകെ ഇടവേള കുറച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും മാറ്റങ്ങൾക്ക് വീണ്ടും ആലോചന. ഇടവേള കുറയ്ക്കുന്നത് വ ഡെൽറ്റ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു എന്നാണ് യുകെയിലെ പഠനത്തിൽ വ്യക്തമായത്. യുകെയിൽ നേരത്തെ 50 വയസിനു മുകളിലുള്ളവരുടെ ഇടവേള 12ൽ നിന്ന് 8 ആഴ്ചയായി കുറച്ചിരുന്നു. തിങ്കളാഴ്ച യുകെയിൽ നാല്പത് വയസിനു മുകളിലുള്ള എല്ലാവർക്കും ഇടവേള 8 ആഴ്ചയാക്കി. കൊവിഷീൽഡ് എന്ന പേരിൽ ആസ്ട്രസെനക്കയുടെ അതേ വാക്സീൻ ഉപയോഗിക്കുന്ന ഇന്ത്യയിൽ പിന്നെ എന്തിന് 16 ആഴ്ചത്തെ ഇടവേള എന്ന ചോദ്യമാണ് ഉയരുന്നത്. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരിൽ 91 ശതമാനത്തിനും കൊവിഡ് വന്നാലും ആശുപത്രി ചികിത്സ വേണ്ടി വരുന്നില്ല എന്ന പഠനവും യുകെ പുറത്തു വിട്ടു. 

ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് ആണെങ്കിൽ ഇത് 71 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും ഇടവേള വീണ്ടും കുറയ്ക്കാൻ ആലോചന. ആദ്യ ഘട്ടമായി 50 വയസിനു മുകളിലുള്ളവരുടെ ഇടവേള കുറച്ചേക്കും. ശാസ്ത്രീയമായും സുതാര്യമായുമാണ് ഇടവേള കുറയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പ്രതികരിച്ചു. വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഉചിതമല്ലെന്നും മന്ത്രി പ്രതികരിച്ചു. കൊവിഷീൽഡ് കൊവാക്സീൻ ജോസുകൾ 150 രൂപയ്ക്കാണ് ഇപ്പോൾ കേന്ദ്രസർക്കാർ വാങ്ങുന്നത്. എന്നാൽ ഗവേഷണത്തിനും അടിസ്ഥാനസൗകര്യത്തിനും വലിയ തുക ചെലവഴിച്ചതിനാൽ ഇത് പര്യാപ്തമല്ലെന്ന് രണ്ട് കമ്പനികളും അറിയിച്ചു. ആവശ്യത്തോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല. തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകൾ 60,000ത്തിനടുത്ത് തുടരുകയാണ്. കുട്ടികളിലെ രോഗബാധ ആദ്യ തരംഗത്തെക്കാൾ രണ്ടാം തരംഗത്തിൽ കുറവാണെന്നും കേന്ദ്രം വ്യക്തമാക്കി. 

click me!