
വിശാഖപട്ടണം: വിശാഖപട്ടണം എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് എൽജി പോളിമറില്‍ സ്റ്റെറീൻ ചോർച്ചയുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങൾ നിർമിക്കുന്ന കമ്പനിയിൽ നിന്നാണ് വാതകം ചോർന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ നാൽപ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്കൃത വസ്തുക്കൾക്ക് രാസപ്രവർത്തനം സംഭവിച്ചാണ് വാതകച്ചോർച്ച ഉണ്ടായതെന്നാണ് നിഗമനം.
സമീപഗ്രാമങ്ങളിൽ നാല് കിലോമീറ്റർ പരിധിയിൽ സ്റ്റെറീൻ പരന്നു. പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ ബോധരഹിതരായായി തെരുവുകളിൽ വീണു. പലർക്കും തൊലിപ്പുറത്ത് പൊളളലേറ്റു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാൽ രക്ഷാപ്രവർത്തകർക്കും ജനങ്ങളെ ഒഴിപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല. വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളിൽ നിന്ന് ആളുകളെ മാറ്റിയത്. എന്നാല്‍ വീണ്ടും കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam