'ഒരു ജില്ല മുഴുവനായും നൽകിയോ, ഇതെന്താ തമാശയാണോ?', സിമൻ്റ് കമ്പനിക്ക് ഏക്കറുകണക്കിന് ഭൂമി കൊടുത്തതിനെ വിമർശിച്ച് ഗുവാഹത്തി ഹൈക്കോടതി

Published : Aug 18, 2025, 06:30 PM IST
Gauhati High Court

Synopsis

അസമിൽ സിമൻ്റ് കമ്പനിക്ക് ഭൂമി വിട്ടുകൊടുത്തതിനെ വിമർശിച്ച് ഹൈക്കോടതി

ഗുവാഹത്തി: അസമിൽ സിമൻ്റ് കമ്പനിക്ക് ഭൂമി വിട്ടുകൊടുത്തതിൽ ഹൈക്കോടതി ഉന്നയിച്ച രൂക്ഷ വിമർശനം വൻതോതിൽ ചർച്ചയായി. അസമിലെ ദിമാ ഹസാവോ ജില്ലയിൽ മഹാബലയെന്ന സ്വകാര്യ സിമന്റ് കമ്പനിക്ക് 3,000 ബിഗാ (ഏകദേശം 991 ഏക്കർ) ആദിവാസി ഭൂമി, ഖനന പ്രവർത്തനങ്ങൾക്കായി അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെയാണ് ഗുവാഹത്തി ഹൈക്കോടതി വിമർശിച്ചത്. എന്തുകൊണ്ടാണ് സർക്കാർ കമ്പനിക്ക് ഇത്രയും വലിയ അളവിൽ ഭൂമി അനുവദിച്ചതെന്ന് ചോദിച്ച കോടതി, സർക്കാർ നടപടി ന്യായീകരിക്കാൻ ശ്രമിച്ച കമ്പനിയുടെ അഭിഭാഷകയോട് പൊതുതാത്പര്യമാണ് കോടതിക്ക് പ്രധാനമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

ജസ്റ്റിസ് സഞ്ജയ് കുമാർ മേധിയുടെ ചോദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോടതി നടപടികളുടെ ലൈവ് സ്ട്രീമിങിൽ നിന്നുള്ള ദൃശ്യഭാഗങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ 3000 ബിഗ ഭൂമിയെന്ന് കേട്ടയുടൻ ജസ്റ്റിസ് സഞ്ജയ് കുമാർ ഞെട്ടുകയും ഒരു ജില്ല മുഴുവനായി കൊടുത്തോയെന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി ഈ ഭൂമിയിൽ എത്രത്തോളം തരിശ് ഭൂമിയുണ്ടെന്ന് കോടതിക്ക് അറിയാമെന്നും പറയുന്നുണ്ട്. ഇതെന്താ തമാശയാണോയെന്ന് ചോദിച്ച കോടതിയോട് അഭിഭാഷക, ഖനനം നടക്കുന്ന പ്രദേശം കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. സ്വകാര്യ താൽപ്പര്യമല്ല, പൊതുതാൽപ്പര്യമാണ് പ്രധാനമെന്ന് ഈ ഘട്ടത്തിൽ കോടതി മറുപടിയും നൽകുന്നു.

അനുവദിച്ച ഭൂമി തരിശാണെന്നും സിമന്റ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ അത്യാവശ്യമാണെന്നും അവകാശപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിപക്ഷ പാർട്ടികൾ മുൻകാലങ്ങളിൽ ഈ നീക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭൂമിയെ സംബന്ധിക്കുന്ന അളവുകോലാണ് ബിഗ എന്നത്. ഒരു ബിഗ എന്നാൽ ഏകദേശം 14400 സ്ക്വയർ ഫീറ്റ് ഭൂമിയെന്നാണ് അസമിലെ കണക്ക്. ഓരോ സ്ഥലത്തും ബിഗ അളവ് വ്യത്യാസമാണ്. ദിമ ഹസാവോയിലെ ജനങ്ങളുടെ ജീവൽപ്രശ്‌നമാണിതെന്ന് വ്യക്തമാക്കി, സിമൻ്റ് കമ്പനിക്ക് ഭൂമി നൽകുന്നതിനെതിരെ കോൺഗ്രസും രംഗത്ത് വന്നിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ