
ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ( Gautam Gambhir) വീണ്ടും ഐഎസ്ഐഎസില്‍ (ISIS Kashmir) നിന്ന് വധഭീഷണിയെന്ന് (Death threat) റിപ്പോര്‍ട്ട്. വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഗൗതം ഗംഭീര്‍ ദില്ലി പൊലീസിനെ (Delhi Police) സമീപിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില് നിന്നുമാണ് ഗംഭീറിന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്.
ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗൗതം ഗംഭീറിന്‍റെ ദില്ലിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.
ബുധനാഴ്ച രാവിലെയാണ് ഗൗതം ഗംഭീര്‍ ഭീഷണി ലഭിച്ചതായി ദില്ലി പൊലീസിനെ ആദ്യം അറിയിച്ചത്. ഞങ്ങള്‍ നിങ്ങളേയും കുടുംബത്തേയും കൊല്ലാന്‍ പോകുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൌഹാന്‍ വിശദമാക്കി. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 2019ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam