
ദില്ലി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയേയും അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഈജിപ്തിലെ ഷാംഅൽഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗാസ സമാധാന നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ഉള്ളത്.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡോണൾഡ് ട്രംപ് ഉൾപ്പെടെ ഇരുപതോളം ലോക നേതാക്കൾ നാളെ ഈജിപ്തിൽ നടക്കുന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറും ഈജിപ്തിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ട്രംപ് ഇസ്രായേൽ സന്ദർശിക്കും. നാളെ രാവിലെ ഹമാസ് ബന്ദികളെ മോചിപ്പിച്ചു തുടങ്ങും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. കഴിഞ്ഞ ആഴ്ചയാണ് വെടിനിർത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചത്.
ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തിൽ അമേരിക്കൻ പ്രസിഡന്‍റ് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാർ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ്. ഈജിപ്തിൽ നിന്ന് ടെൽ അവീവിലെത്തുന്ന ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കും. ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുകളിൽ പ്രശംസ നേടുന്ന തരത്തിലാണ് ഡോണൾഡ് ട്രംപിന്റഎ ഇടപെടൽ എത്തി നിൽക്കുന്നത്. ഇതിന് മുൻപുള്ള വരവിലാണ് സിറിയക്ക് മേലുള്ള ഉപരോധം ട്രംപ് എടുത്തുമാറ്റിയത്. ഗാസയിൽ മുൻ വെടിനിർത്തലുകളെ അപേക്ഷിച്ച് ഇത്തവണ വലിയ തർക്കങ്ങൾ ഇതിനോടകം കുറവാണ്. സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിലെത്തു. ഇസ്രയേൽ സേന പിൻവാങ്ങിയ ഇടങ്ങളിൽ ഹമാസ് പൊലീസിനെ വിന്യസിച്ചു തുടങ്ങി. കൈമാറുന്ന ബന്ദികളെ കണ്ടെത്തി കൈമാറ്റത്തിനായി സമ്പൂർണ വിവരം ഇന്ന് വൈകിട്ടോടെ ഹമാസ് നൽകണം. പലസ്തീനിയൻ തടവുകാരെയും ഇന്ന് വൈകിട്ടോടെ മോചിപ്പിച്ച തുടങ്ങും. മുൻ വെടിനിർത്തലുകളിൽ നിന്ന് വ്യത്യസ്തമായി കൈമാറ്റച്ചടങ്ങ് പരസ്യമായിരിക്കില്ലെന്നാണ് വിവരം. അതേസമയം, മറ്റൊരു വശത്ത് പതിനായിരങ്ങൾ ഇനിയൊരു തർക്കമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ ഗാസയിൽ സ്വന്തം വീടുകൾ നിന്ന ഇടങ്ങളിലേക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam