
ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധയായ ഡോ. ഹേമിക അഗർവാൾ(40) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്നാണ് ഡോക്ടർ വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ മറ്റുതാമസക്കാർ ഓടിയെത്തി. തുടർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒന്നരവർഷം മുൻപാണ് ഡോ. ഹേമിക വിവാഹമോചിതയായതെന്നാണ് കുടുംബം പറയുന്നത്. ഇതിനുശേഷം മകൾ കടുത്ത മാനസികപ്രയാസങ്ങൾ നേരിട്ടിരുന്നതായാണ് പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആർ. ചന്ദ്ര പറഞ്ഞത്. മകൾ ചികിത്സ തേടിയതിന്റെ വിവരങ്ങളടക്കം പൊലീസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam