
ദില്ലി: കുടിവെള്ളമാണെന്ന് നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ കൊണ്ടുവന്നത് ടോയ്ലറ്റ് ക്ലീനർ നിറച്ച് വച്ചിരുന്ന കുപ്പി. ഇതറിയാതെ വെള്ളമാണെന്ന് കരുതി എടുത്തു കുടിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഒരു സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയായ സജ്ഞനയാണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിനി എല്ലാ ദിവസവും പച്ച നിറമുള്ള ഒരു കുപ്പിയിലാണ് കുടിവെള്ളം കൊണ്ടുവന്നിരുന്നത്. ഇവർ ഇരുവരും ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിക്കാനിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ട വരണ്ടതിനാല്‍ സഞ്ജന ഒപ്പമിരുന്ന നാലാംക്ലാസുകാരിയോട് വെള്ളം ചോദിക്കുകയും അവള്‍ നല്‍കുകയും ചെയ്യുകയായിരുന്നു.
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിയില്‍ ഉണ്ടായിരുന്ന ടോയ്‌ലറ്റ് ക്ലീനര്‍ എടുത്ത് കുടിച്ച സഞ്ജനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആന്തരികാവയവങ്ങളിൽ മുറിവുണ്ടായതിനെ തുടർന്ന് കുട്ടി രക്തം ഛര്‍ദ്ദിച്ചു. സ്കൂൾ അധികൃതർ കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് കുട്ടി മരിക്കുകയായിരുന്നു.
വാട്ടർ ബോട്ടിലിന്റെയും ടോയ്ലറ്റ് ക്ലീനർ നിറച്ചു വച്ചിരുന്ന കുപ്പിയുടെയും നിറം ഒന്നായതിനാൽ വാട്ടര്‍ ബോട്ടില്‍ ആണെന്ന് തെറ്റിദ്ധരിച്ച് മകള്‍ കൊണ്ടു പോകുകയായിരുന്നെന്നും നാലാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ മരിച്ച സജ്ഞനയുടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam