ലോക്ക്ഡൌണില്‍ ജോലി നഷ്ടമായി; ഒരാഴ്ചയായി ഭക്ഷണമില്ല, 5 വയസുകാരി മരിച്ചതായി പരാതി

By Web TeamFirst Published Aug 24, 2020, 11:05 AM IST
Highlights

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവർക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇവരുടെ വീട്ടിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. 


ആ​ഗ്ര: ആ​ഗ്രയിലെ ബറൗലി അഹീർ ബ്ലോക്കിലെ നാ​ഗലവിധി ചന്ദ് ​ഗ്രാമത്തിൽ സോണിയ എന്ന അഞ്ചുവയസ്സുകാരി വിശന്ന് മരിച്ചതായി റിപ്പോർട്ട്. എന്നാൽ പട്ടിണി മൂലമല്ല, പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ആ​ഗ്ര ഭരണകൂടം പറയുന്നത്. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് ഇപ്പോൾ 100 കിലോ​ഗ്രാം റേഷൻ ലഭിക്കുന്നുണ്ട്. 

താൻ ദിവസ വേതന തൊഴിലാളിയാണെന്നും ഭർത്താവിന് ശ്വാസകോശ സംബന്ധിയായ അസുഖമുള്ളതിനാൽ ജോലിക്ക് പോകാൻ സാധിക്കില്ലെന്നും പെൺകുട്ടിയുടെ അമ്മ ഷീലാ ദേവി ഇന്ത്യ ടുഡേയോട് പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവർക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇവരുടെ വീട്ടിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. 15 ദിവസത്തോളം അയൽവാസികളാണ് ഇവരെ സഹായിച്ചിരുന്നതെന്ന് ഇന്ത്യാ ടുഡേ വാർത്തയിൽ പറയുന്നു. 

എന്നാൻ സഹായം തുടർന്ന് നൽകാൻ‌ അയൽക്കാർക്ക് സാ​ധിച്ചില്ല. ഒരാഴ്ചയോളം ഇവരുടെ വീട്ടിൽ മുഴുപട്ടിണിയായിരുന്നു. അതിനെ തുടർന്നാണ് പെൺകുട്ടിക്ക് പനി ബാധിച്ചത്. മരുന്നോ ഭക്ഷണമോ വാങ്ങാൻ തന്റെ കയ്യിൽ പണമില്ലായിരുന്നുവെന്നും മകളെ രക്ഷിക്കാൻ സാധിച്ചില്ലെന്നും  ഷീലാ ദേവി പറയുന്നു. റേഷൻ കാർഡ് ഇല്ലാത്തത് കൊണ്ട് റേഷൻ പോലും വാങ്ങാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, 7000 രൂപ ബില്ലടക്കാത്തതിനെ തുടർന്ന് ഇവരുടെ വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. 

നാല് വർഷം മുമ്പ്  എട്ടുവയസ്സുകാരനായ മകനും പട്ടിണി മൂലമാണ് മരിച്ചതെന്ന് ഷീലാദേവി പറഞ്ഞു. നോട്ട്നിരോധനം നിലവിൽ വന്ന സമയത്തായിരുന്നു ഈ മരണമെന്ന് ഷീലാദേവി ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലാണ് ഈ കുടുംബത്തിന്റെ ജീവിതം. പെൺകുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ സിം​ഗ് തഹസീൽദാർ സദാർ പ്രേം പാലിനോട് ആവശ്യപ്പെട്ടു. 

പട്ടിണി മൂലമല്ല, വയറിളക്കത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് തഹസീൽദാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് 20 കിലോ​ഗ്രാം ​ഗോതമ്പും 40 കിലോ​ഗ്രാം അരിയും മറ്റ് അനുബന്ധ ഭക്ഷ്യവസ്തുക്കളും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ കുടുംബത്തിന് റേഷൻകാർഡും ലഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മകൾ ഒരു പാത്രം പാൽ കുടിച്ചെന്നും അതിന് ശേഷമാണ് വയറിളക്കം ഉണ്ടായതെന്നും പിതാവ് പറഞ്ഞു. 

click me!