ദില്ലി: നോയിഡയിൽ ജോലിക്കാരിയായ ഇരുപത് വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വീട്ടുടമയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നോയിഡ സെക്ടർ 120 ക്ലിയോ കൗണ്ടി എന്ന ഫ്ലാറ്റിലെ ജോലിക്കാരിയായ അനിത എന്ന പെൺകുട്ടിയെ മർദ്ദിച്ച കേസിലാണ് വീട്ടുടമയായ ഷെഫാലി കൗളിനെ അറസ്റ്റ് ചെയ്തത്.
വീട്ടുജോലിക്കാരിയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ലിഫ്റ്റിൽ കയറി പോകുവാൻ ശ്രമിക്കുന്ന വീട്ടുജോലിക്കാരിയെ ഫ്ലാറ്റിലെ താമസക്കാരിയായ ഷെഫാലി കൌൾ വലിച്ചിഴയ്ക്കുന്നതും, മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഷെഫാലി കൗൾ ഒളിവിൽ പോയിരുന്നു.
അനിത ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലുള്ള സംഭവങ്ങളാണ് ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞതെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിൽ വ്യക്തമാക്കിയിരുന്നു. അടുക്കളയിൽ നിന്ന് ഒരു കഷ്ണം ശർക്കര എടുത്തു കഴിച്ചതിന് തന്നെ മർദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി എൻഡിടിവിയോട് പറഞ്ഞു. ''അവർ എല്ലാ ദിവസവും എന്നെ തല്ലും. തണുത്ത വെള്ളം എന്റെ ശരീരത്ത് ഒഴിക്കും. കഴിഞ്ഞ ദിവസം ഡിസംബർ 26 ന് ഞാനൊരു കഷ്ണം ശർക്കരയെടുത്ത് കഴിച്ചു. അന്ന് അവരെന്നെ ചെരിപ്പുകൊണ്ട് അടിച്ചു. എന്നെ തീകൊളുത്തി കൊല്ലുമെന്നും മുകളിൽ നിന്ന് താഴേക്ക് എറിയുമെന്നും ഭീഷണിപ്പെടുത്തി.'' രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ കാരണമിതാണെന്ന് അനിത പറഞ്ഞു.
ഒന്നിലധികം ദുപ്പട്ടകൾ ചേർത്തുകെട്ടി ഉണ്ടാക്കിയ കയറിലൂടെയാണ് നാലാം നിലയിൽ നിന്ന് താഴേക്കിറങ്ങിയത്. എന്നാൽ കാവൽക്കാരൻ പിടികൂടി. ''അയാൾ എന്നെ തടഞ്ഞു നിർത്തിയതിന് ശേഷം മാഡത്തെ വിളിച്ചു. അവർ എന്നെ മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കഴുത്തിന് പിടിച്ച് ഞെരിച്ചു.'' അനിതയുടെ കഴുത്തിലും ചെവികളിലും മർദ്ദനമേറ്റതിന്റെ പാടുകൾ ദൃശ്യമാണ്. ഏപ്രിൽ മുതൽ താൻ ഷെഫാലിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണെന്നും ഒക്ടോബറിൽ ആറുമാസത്തെ കരാർ അവസാനിച്ചെന്നും എന്നാൽ തന്നെ വിട്ടയയ്ക്കാൻ അവർ തയ്യാറായില്ലെന്നും അനിത വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ടിൽ വ്യക്തമാക്കി.
ഫ്ലാറ്റിലെ ജോലിക്കാരിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സിസിടിവിയിൽ, കേസെടുത്ത് പൊലീസ്; വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam