Latest Videos

'പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്, ബലാത്സം​ഗം ചെയ്യപ്പെടും'; വിവാദ പ്രസ്തവാനയുമായി യുപി വനിതാകമ്മീഷൻ അം​ഗം

By Web TeamFirst Published Jun 10, 2021, 4:19 PM IST
Highlights

''പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. അവർ രാത്രി ഏറെ വൈകിയും ആൺകുട്ടികളോട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും അവ‍ർക്കൊപ്പം ഓടിപ്പോകുകയും ചെയ്യും...''

ലക്നൗ: പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ബലാത്സം​ഗത്തിന് കാരണമാകുമെന്ന് ഉത്തർപ്രദേശിലെ വനിതാകമ്മീഷൻ അം​ഗം. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഫോൺ ബലാത്സം​ഗത്തിലേക്കെത്തിക്കുമെന്നുമാണ് ഒരു പരാതി കേൾക്കുന്നതിനിടെ 
വനിതാകമ്മീഷൻ അം​ഗം മീനാകുമാരി പറഞ്ഞത്. 

''പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. അവർ രാത്രി ഏറെ വൈകിയും ആൺകുട്ടികളോട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും അവ‍ർക്കൊപ്പം ഓടിപ്പോകുകയും ചെയ്യും. ഇവരുടെ ഫോൺ പരിശോധിക്കുന്നേ ഇല്ല, ഇവർ ചെയ്യുന്നതൊന്നും രക്ഷിതാക്കൾ അറിയുകയും ഇല്ല...''- മീനാകുമാരി പറഞ്ഞു. 

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കൂടുന്നതിൽ സമൂഹം കൂടുതൽ ജാ​ഗ്രത പാലിക്കണം. തങ്ങളുടെ മക്കളെ നിരീക്ഷിക്കുന്നതിൽ അമ്മമാ‍ർ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും അവ‍ർ പറഞ്ഞു. 

അതേസമയം പെൺകുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വയ്ക്കുന്നത് ലൈം​ഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പരിഹാരമല്ലെന്ന് വനിതാകമ്മീഷൻ വൈസ് ചെയർപേഴ്സൺ അഞ്ജു ചൗധരി പറഞ്ഞു. 

നേരത്ത് ദേശീയ വനിതാകമ്മീഷൻ അം​ഗം ചന്ദ്രമുഖി ദേവി സമാനമായ പ്രസ്താവന നടത്തി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു കൂട്ടബലാത്സം​ഗക്കേസിൽ ​പെൺ‍കുട്ടി വൈകീട്ട് പുറത്തിറങ്ങാതിരുന്നെങ്കിൽ ​കൂട്ടബലാത്സം​ഗം നടക്കില്ലായിരുന്നുവെന്നാണ് ചന്ദ്രമുഖി പറ‍ഞ്ഞത്. വിമർശനങ്ങൾ നേരിട്ടതോടെ ഇവർ ഈ പ്രസ്താവന പിൻവലിച്ചു. 

click me!