വെല്ലുവിളി ഉയര്‍ത്താനാവാതെ ബിജെപി: രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ അപ്രമാദിത്വം ഉറപ്പിച്ച് ആം ആദ്മി പാര്‍ട്ടി

By Web TeamFirst Published Dec 7, 2022, 4:40 PM IST
Highlights

പത്തു കൊല്ലത്തിനു ശേഷം എംസിഡി കൂടി നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻറെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്കും.

ദില്ലി:  മുനിസിപ്പൽ കോർപ്പറേഷൻറെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. കേന്ദ്രസർക്കാരിൻറെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിൻറെ ഈ വിജയം. ദില്ലിയിൽ കോൺഗ്രസിൻറെ ഇടം ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം  അരവിന്ദ് കെജ്രിവാൾ നേടിയത്. 

പത്തു കൊല്ലത്തിനു ശേഷം എംസിഡി കൂടി നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻറെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്കും. കെജ്രിവാളിൻറെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്രസർക്കാരിനു കീഴിലാക്കിയത് അതിനാലാണ്. കേന്ദ്രസർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്. മന്ത്രി സത്യേന്ദർ ജയിൻ സാമ്പത്തിക ക്രമക്കേട് കേസിൽ ജയിലിലാണ്.  

സത്യേന്ദർ ജയിനിൻ്റെ ജയിൽ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കി. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപിക്കായി. മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ഇതിനൊക്കെ ശേഷമുള്ള വിജയം ബിജെപിയെ നേരിടാനുള്ള കരുത്ത് എഎപിക്ക് ഉണ്ട് എന്ന സന്ദേശം നല്കുന്നു. ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ കൂടി കഴിഞ്ഞാൽ കെജ്രിവാളിന് രണ്ടായിരത്തി ഇരുപത്തി നാല് ലക്ഷ്യമാക്കി നീങ്ങാം. തകർന്നടിയാതെ പിടിച്ചു നില്ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം. ദില്ലിയിൽ ഒരു മുഖം ഇല്ലാത്തതും തലസ്ഥാനത്തെ സംഘടന വിഷയങ്ങളും എംസിഡി ഭരണത്തിനെതിരായ വികാരവും തോൽവിക്ക് കാരണമായി. 

എന്നാൽ മധ്യവർഗ്ഗം തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബിജെപി കേന്ദ്രനേതാക്കൾക്കും സന്ദേശമാണ്. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബിജെപിക്കെതിരെ തിരിയാൻ കാരണമായി. ഒരിക്കൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ് ചില പോക്കറ്റുകളിൽ ഒഴികെ തകർന്നടിയുകയാണ്. തദ്ദേശഭരണ സ്ഥാപനത്തിലേക്കുള്ള മത്സരം എങ്കിലും ദേശീയ രാഷ്ട്രീയത്തിനു കൂടി ചില സൂചനകൾ നല്കുന്നതാണ് ദില്ലിയിലെ ഈ ഫലം.

click me!