വിശന്ന വയറുമായി ആരും ഉറങ്ങേണ്ടി വരരുത്, ഭക്ഷ്യധാന്യം അവസാനത്തെ ആള്‍ക്ക് വരെ എത്തണമെന്ന് സുപ്രീം കോടതി

By Web TeamFirst Published Dec 7, 2022, 3:57 PM IST
Highlights

അവസാനത്തെ ആള്‍ക്ക് വരെ ഭക്ഷ്യ ധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നതെന്ന് കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള ചൂണ്ടിക്കാണിച്ച് കോടതി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനം തുടരണമെന്നും കോടതി ആവശ്യപ്പെട്ടു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൌരന് വരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും കിടന്ന് ഉറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. ജസ്റ്റിസ് ഹിമാ കൊഹ്ലി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇ ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടേയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും  ഒടുവിലത്തെ കണക്ക് കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അവസാനത്തെ ആള്‍ക്ക് വരെ ഭക്ഷ്യ ധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നതെന്ന് കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള ചൂണ്ടിക്കാണിച്ച് കോടതി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനം തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയുള്ള ലോക്ഡൌണും കൊവിഡ് മഹാമാരി കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന ക്ലേശം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, ജഗ്ദീപ് ഛോക്കര്‍ എന്നീ ആക്ടിവിസ്റ്റുകളെ പ്രതിനിധീകരിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്. 2011 ലെ സെന്‍സസിന് ശേഷം രാജ്യത്തെ ജനസംഖ്യ വര്‍ധിച്ചുവെന്നും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിലും മാറ്റമുണ്ടായിയെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. നിയമം കര്‍ശനമായി നടപ്പിലാക്കിയില്ല എങ്കില് എല്ലാ ഗുണഭേക്താക്കള്‍ക്കും നിയമത്തിന്‍റെ ഫലം ലഭിക്കാതെ വരുമെന്നുള്ള ആശങ്കയും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

അടുത്ത കാലത്തായി ആളോഹരി വരുമാനം കൂടിയെന്നാണ് സര്ക്കാര്‍ വിശദമാക്കുന്നത്. എന്നാല്‍ ആഗോള  പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം തുടര്‍ച്ചയായി പിന്നോട്ട് വരുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. 81.35 ലക്ഷം ഗുണഭോക്താക്കളാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിലുള്ളതെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്. ഇന്ത്യയുടെ സാഹചര്യത്തില്‍ ഇത് വളരെ ഉയര്‍ന്ന സംഖ്യയാണെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 2011ലെ സെന്‍സസിന് ശേഷം ഗുണഭോക്താക്കളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ താമസം വരുത്തിയിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

14 സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ കുറവ് സംബന്ധിച്ച് കേന്ദ്രത്തിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 2011 ലെ സെന്‍സസിന് ശേഷം നിയമത്തിലെ ഗുണഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

click me!