
ദില്ലി: ആയുധങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സേനയിലെ പ്രവണത കുറയ്ക്കണമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സേനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണ് വേണ്ടത്. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് മുദ്രാവാക്യം മാത്രമായി നില്‍ക്കുന്ന അവസ്ഥയല്ല വേണ്ടെതെന്നും ജനറല്‍ ബിപിന്‍ റാവത്ത് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കുന്നു.
ആഗോളതലത്തില്‍ വിന്യസിക്കുന്ന രീതിയിലുള്ള സേനാ പ്രവര്‍ത്തനമല്ല നമ്മുടേത്. നമ്മുക്ക് സംരക്ഷിക്കാനുള്ളത് നമ്മുടെ അതിര്‍ത്തികളാണ്. വലിയ രീതിയില്‍ സൈനിക ദൌത്യത്തിനായി ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത് ശരിയായ രീതിയല്ല. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും അവയുടെ സംരക്ഷണവും വലിയ ചെലവ് വരുത്തുന്നവയാണ്. കൊവിഡ് 19 വലിയൊരു തലത്തിലാണ് രാജ്യത്തെ ബാധിച്ചിട്ടുള്ളത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണം. അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണ നല്‍കണമെന്നും ജനറല്‍ ബിപിന്‍ റാവത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കി.
വിദേശത്ത് നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രീതിയില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് ജനറല്‍ ബിപിന്‍ റാവത്തിന്‍റെ പ്രതികരണം. കൊവിഡ് 19 മൂലം സൈന്യത്തിന്‍റെ ബഡ്ജറ്റില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്നാണ് സംയുക്ത സേനാ മേധാവിയുടെ പ്രതികരണത്തെക്കുറിച്ച് വിദഗ്ധര്‍ വിലയിരുത്തുന്നത്.