
അഹമ്മദാബാദ്: ഗോദ്ര ട്രെയിൻ തീവയ്പ് കോൺഗ്രസ് ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്ന് ഗുജറാത്തിലെ സർവകലാശാല പാഠപ്പുസ്തകത്തിൽ. ഗുജറാത്ത് വിദ്യാഭ്യാസ ബോർഡ് തയാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപുസ്തകത്തിലാണ് ഗോദ്ര, കോൺഗ്രസ് ഗൂഡാലോചനയാണെന്ന് പറയുന്നത്.
2002 ഫെബ്രുവരിയിൽ സബർമതി റെയിൽവെ സ്റ്റേഷനിൽ 59 കർസേവകരുടെ മരണത്തിനിടയാക്കിയ ട്രെയിൻ തീവയ്പ് ഗോദ്രയിൽനിന്നുള്ള കോൺഗ്രസ് ജനപ്രതിനിധികളുടെ ഗൂഡാലോചനയാണെന്നാണ് പുസ്തകത്തിലുള്ളത്.
ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥകൾ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിലാണ് വിവാദ പരാമർശം. ബോർഡിന്റെ വൈസ് പ്രസിഡന്റും മുൻ ബിജെപി എംപിയുമായ ഭാവനബെൻ ദേവ് എഡിറ്റു ചെയ്ത് 2018 ൽ പുറത്തിറക്കിയ പുസ്തകമാണിത്. ഗോദ്ര തീവയ്പിനു പിന്നാലെയാണ് ആയിരക്കണക്കിനു ആളുകൾ കൊല്ലപ്പെട്ട ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങളായിരുന്നു.
സുസ്ഥിരമായ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ, 2002 ഫെബ്രുവരി 27 ന് ഗൂഡാലോചന നടന്നതായി പുസ്തകത്തിലെ വിവാദ ഖണ്ഡികയിൽ പറയുന്നു. സബർമതി എക്സ്പ്രസിൽ അയോധ്യയില് നിന്നും തിരിച്ചുവരികയായിരുന്ന കര്സേവകരുണ്ടായിരുന്ന ബോഗിക്ക് തീവച്ചു. 59 കർസേവകർ വെന്തുമരിച്ചു. ഗോദ്രയിൽനിന്നുള്ള കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഗൂഡാലോചനയായിരുന്നു ഇത്- പുസ്തകം പറയുന്നു.
സംസ്ഥാന ഗ്രന്ഥനിർമാണ ബോർഡിന്റെ ചെയർപേഴ്സൺ വിദ്യാഭ്യാസ മന്ത്രിയാണ്. സർവകലാശാല തലത്തിലുള്ള പ്രാദേശിക പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഫണ്ട് ബോർഡിന് ലഭിക്കുന്നത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam